മരടിലെ സ്ഫോടനം പൂർണ നിയന്ത്രിതമോ? നഗരത്തെയാകെ ബാധിക്കുന്ന ആശങ്കയെത്ര?

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വന്‍ സ്ഫോടനത്തിന് ഒരുങ്ങുകയാണ് കൊച്ചിയിലെ  മരട്. നാല് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് നിലം പൊത്തും. ആദ്യ സ്ഫോടനത്തിന് ഇനി 6 ദിവസം കൂടി മാത്രം. നിയന്ത്രിത സ്ഫോടനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ സ്ഫോടനത്തിനുമേല്‍ എത്ര നിയന്ത്രണം ഉണ്ടാവും എന്നതില്‍ പരിസരവാസികള്‍ക്ക് ആശങ്കയേറെയാണ്.

പൊളിക്കല്‍ ആദ്യഘട്ടം തുടങ്ങിയപ്പോള്‍ മുതല്‍ വീടുകള്‍ക്ക് നേരിടേണ്ടി വന്ന കേടുപാടുകളാണ്  ഒരു കാരണം. നിയന്ത്രിത സ്ഫോടനങ്ങള്‍ പാളിപ്പോയ ഉദാഹരണങ്ങള്‍ ലോകത്ത് ഉണ്ട് എന്നതും ആശങ്കയേറ്റുന്നു. ആദ്യ സ്ഫോടനം ജനവാസമേഖലയിലാക്കരുത് എന്ന മരടുകാരുടെ ആവശ്യം ജില്ലാഭരണകൂടം തള്ളി.  വീടുകള്‍ ഇന്‍ഷുര്‍ ചെയ്തെന്ന് പറഞ്ഞെങ്കിലും രേഖകളൊന്നും കൈമാറിയിട്ടില്ല.

പൊളിഞ്ഞുവീഴുന്ന വതോതിലുള്ള അവശിഷ്ടങ്ങള്‍ എന്തു ചെയ്യും എന്നതില്‍ അവ്യക്തത തുടരുന്നു. ഉയരുന്ന പൊടിപടലങ്ങള്‍ നഗരത്തെയും ദേശീയപാതയിലെ ഗതാഗതത്തെയും എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. കുണ്ടന്നൂർ–തേവര പാലത്തിന്റെ ഭാഗത്തേക്ക് ചെരിച്ചു വീഴ്ത്തുന്ന എച്ച്2ഒ  ഫ്ലാറ്റ് പാലത്തിന് ഭീഷണിയോ എന്നതടക്കം നഗരത്തെയാകെ ബാധിക്കുന്ന ഉത്കണ്ഠകള്‍ വേറെയും .മരട് സ്ഫോടനത്തില്‍ കാര്യങ്ങള്‍ എത്ര നിയന്ത്രിതം ?