ഹാദിയ വിഷയത്തിൽ സന്തോഷിക്കാറായോ?

ഹാദിയ സ്വതന്ത്ര. അവള്‍ക്ക് വൈക്കത്തെ വീട്ടിലെ അടഞ്ഞമുറിയില്‍ നിന്ന് മോചനം. പക്ഷേ ഭര്‍ത്താവിനൊപ്പം പോകാനുള്ള സ്വാതന്ത്ര്യം ഇപ്പോഴില്ല. പഠനം പൂര്‍ത്തിയാക്കാനുള്ള സ്വാതന്ത്ര്യം മാത്രം. അച്ഛനേയും ഭര്‍ത്താവിനെയും ഒരുപോലെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടപടിയിലൂടെ സുപ്രിംകോടതി ഇന്ന് ഹാദിയയുടെ യഥാര്‍ഥ രക്ഷിതാവായി. ജനുവരിയില്‍ കേസ് പരിഗണിക്കുന്ന കോടതി വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിയില്‍ അവസാന തീര്‍പ്പ് പറയും. എനിക്ക് സ്വാതന്ത്ര്യം വേണമെന്ന, 24 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ഉറച്ച ശബ്ദം മുഴങ്ങിയ നീതിഗോപുരത്തില്‍, അത് സ്വീകരിച്ചും എന്നാല്‍ അവളുടെ സ്വരം മറ്റാരാലോ നിയന്ത്രിക്കപ്പെടുകയാണ് എന്ന വാദത്തെ കയ്യൊഴിയാതെയും കോടതി കല്‍പിച്ച ഇടക്കാല തീര്‍പ്പ് അസാധാരണമാണ്. വിശുദ്ധനീതിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

ഷെഫിന്‍ ജെഹാനോടൊപ്പം പോകണമെന്ന ഹാദിയയുടെ ആഗ്രഹം അനുവദിക്കണോ എന്ന് കോടതി തീരുമാനിക്കാന്‍ പോകുന്നതേ ഉള്ളൂ. പക്ഷേ, അച്ഛന്റെ സംരക്ഷണയില്‍ കഴിയേണ്ട, അടിച്ചേല്‍പിക്കപ്പെട്ട മാനസിക നിലയുള്ള ആളല്ല ഹാദിയയെന്ന് സുപ്രിംകോടതി ഇതിലും തെളിച്ച് ഇനി പറയാനില്ല. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് ഉന്നതനീതിപീഠം ഇന്നിട്ട പേര് അവളുടെ പഠനം എന്നാണ്. അവളുടെ ഭാവി എന്നാണ്. അത് എല്ലാ ചെവിയിലും എത്തട്ടെ.