vaikom-ci-shameer-khan-digital-bribe-forced-leave-dgp-report

യു.പി.ഐ ആപ്പുകളും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ വൈക്കം സി.ഐ ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മണ്ണുമാഫിയകളിൽ നിന്നും ലോറി ഉടമകളിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും ഡിജിറ്റലായി പണം തട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, സി.ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.

മണ്ണുമാഫിയ ബന്ധമുള്ളവരിൽ നിന്നും ലോറി ഉടമകളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ നിന്നുമാണ് സി.ഐ ഷമീർഖാൻ വ്യാപകമായി ഡിജിറ്റൽ വഴി കൈക്കൂലി വാങ്ങിയിരുന്നത്. കൈക്കൂലി തുക സ്വീകരിക്കുന്നതിനായി മാത്രം അസം സ്വദേശിയുടെ പേരിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും, ഈ അക്കൗണ്ടിലേക്ക് ഒരു മാസം കൊണ്ട് മാത്രം 2,28,000 രൂപ എത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. 

സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തരവകുപ്പിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സി.ഐക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ്.

 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഡിജിറ്റൽ കൈക്കൂലിയുടെ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് സംഘം സി.ഐയുടെ ഫോണും എ.ടി.എം കാർഡും പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച വിജിലൻസ് ഔദ്യോഗികമായി കേസെ രജിസ്റ്റർ ചെയ്തിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ ഷമീർഖാനെതിരെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് വൈകാതെ ശക്തമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. വകുപ്പ്തല അന്വേഷണവും വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Vaikom Circle Inspector Shameer Khan has been sent on forced leave after a Vigilance probe exposed his extensive digital bribery scheme involving local soil mafias, lorry operators, and criminal accused. Investigation revealed that the inspector utilized a bank account registered under an Assam native to collect and withdraw illicit payments totaling ₹2.28 lakh in just one month. Following the recovery of the associated ATM card and mobile phone during a station raid, Vigilance and State Intelligence submitted detailed reports to the DGP recommending severe disciplinary action. With both departmental and Vigilance investigations making progress, top police authorities are expected to initiate strong disciplinary measures against the official shortly.