പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍1991 ല്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് തെളിയിച്ച് സിബി–സിഐഡി. 12 നിരപരാധികളെ വ്യാജ തെളിവുകള്‍ ചമച്ചാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ അന്നത്തെ എസ്എച്ച്ഒയടക്കം 12 റിട്ടയേര്‍ഡ് പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
1991 ഓഗസ്റ്റ് 23ന് ഒരു സംഘം പുരുഷന്മാര് നര്വാളിലേക്കുള്ള വളവില്‍ റോഡില്‍ തടി കുറുകെയിട്ട് ഡിസിഎം ട്രക്ക് തടഞ്ഞുവെന്നും ഇതിലുണ്ടായിരുന്ന സാധനങ്ങള്‍ കൊള്ളയടിച്ചുവെന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടത്. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് നാടന്‍ തോക്കും, തിരകളും ബോംബുകളും പിടികൂടിയെന്നും പൊലീസ് രേഖകളില്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ സ്റ്റേഷന് ഹൗസ് ഓഫിസറായിരുന്ന വിദ്യാസാഗര്‍ ത്രിപാഠി കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഗാന്ധിഗ്രാം സ്വദേശിയായ വ്യവസായി ദേവ് പ്രസാദ് പഥകിനോട് ത്രിപാഠി പണമടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും ഇതിന് വഴങ്ങാതെ വന്നതോടെ ദേവിന്റെ സഹോദരനെയും സുഹൃത്തുക്കളെയും കുടുക്കുകയായിരുന്നുവെന്നും ദേവ് പ്രസാദ് നല്കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേല് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.
ട്രക്ക് ഡ്രൈവറായ ഉമാശങ്കറും ക്ലീനര്‍ ബ്രിജേന്ദ്ര സിങും നല്കിയ മൊഴിയാണ് നിര്‍ണായകമായത്. കാണ്‍പുരില്‍ നിന്ന് വാരണാസിയിലേക്ക് സോപ്പുമായി വന്നതായിരുന്നുവെന്നും ട്രക്കിലേക്ക് പൊലീസുകാര്‍ ബലം പ്രയോഗിച്ച് കടന്നതാണെന്നും ഇവര്‍ മൊഴി നല്കി. പിന്നീട് ഇവരെ സ്റ്റേഷനിലെത്തിച്ച് ബ്ലാങ്ക് പേപ്പറുകളില്‍ ഒപ്പിടുവിച്ചു. പ്രതികളെന്ന് കണ്ടെത്തി പൊലീസ് അന്ന് അറസ്റ്റ് ചെയ്ത 12 പേരെയും അവരവരുടെ വീടുകളില്‍ കയറി ഉറക്കത്തിനിടെയാണ് പിടികൂടിയതെന്നും വീടുകളിലുണ്ടായിരുന്ന ലൈസന്‍സുള്ള തോക്കുകളാണ് പിടിച്ചെടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളാണെന്ന് കണ്ടെത്തിയ പൊലീസുകാരില്‍ ആറുപേര്‍ ഇതിനകം മരിച്ചുപോയി. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.