ഗ്രേറ്റർ നോയിഡയിലെ രബുപുരയില് ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇതില് മൂന്ന് കുട്ടികളാണ്. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), സാക്ഷത് (3), മകൾ മിഷ്തി (7) എന്നിവരാണ് മരിച്ചത്. രാത്രി ന്യൂഡിൽസ് കഴിച്ച് കിടന്ന കുടുംബത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ നിന്നും കണ്ടെത്തിയ ഭക്ഷണ പാക്കറ്റുകൾ പരിശോധിച്ചതിൽ നിന്നും ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കാൻ തക്ക സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സംശയാസ്പദമായ വസ്തുക്കളോ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളോ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തലേദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നു എന്ന് മരിച്ച മഹേഷിന്റെ അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാകും മരണ കാരണം സ്ഥിരീകരിക്കുക. ഫോറൻസിക് സംഘം അടക്കം സ്ഥലത്തു പരിശോധന നടത്തി.