തന്റെ മകളെ വേണ്ടെങ്കില് ഉപേക്ഷിച്ചു പോയ്ക്കോളാന് നൂറ് തവണ വിജേഷിനോട് പറഞ്ഞിരുന്നുവെന്ന് വിസ്മയയുടെ അമ്മ. കുഞ്ഞിന് ജീവനായിരുന്നു അച്ഛനെന്നും, വിജേഷ് വരുന്ന ദിവസമെണ്ണിയാണ് കുഞ്ഞ് കാത്തിരുന്നതെന്നും അമ്മ പറയുന്നു. തന്റെ മകളെ കാണുമ്പോള് ചോരയില് കുളിച്ച നിലയിലായിരുന്നുവെന്നും തലേന്നു രാത്രി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു.
Also Read: ചോരയൊലിപ്പിച്ച് 200 മീറ്ററോളം ഓടി വിസ്മയ; പിന്നാലെ അമ്മയും സഹോദരനും
‘വാതില് കുറ്റിയിട്ടിട്ടാണ് അവനിത് ചെയ്തത്, മോള്ടെ കരച്ചില് കേട്ടപ്പോള് മകന് കണ്ണനോട് ഞാന് പറഞ്ഞു വാതില് ചവിട്ടിത്തുറക്കാന്, അങ്ങനെ അവന് ചവിട്ടിത്തുറന്നതാ, അപ്പോള് അവള് കരഞ്ഞോണ്ട് ഓടി, അവിടെ ആ പടിവരെ ഓടി എന്റെ മോള്, ചോരയില് കുളിച്ചു, അവന് വേണ്ടെങ്കില് ഉപേക്ഷിച്ചോളാന് നൂറ് തവണ പറഞ്ഞു, അത് ചെയ്തില്ല, കുഞ്ഞുപൈതലിനെ ചെയ്യേണ്ടിയിരുന്നോ..കിടാവിന് ജീവനായിരുന്നു അവന്, അച്ഛന് എന്നുവരും അമ്മമ്മാ എന്ന് ചോദിക്കും, ശനിയാഴ്ച വരുമെന്ന് പറയും, ശനിയാഴ്ച വരെ പിന്നെ അവന് എണ്ണിയിരിക്കും’– വിസ്മയയുെട അമ്മ പറയുന്നു.
തൃശൂര് വലപ്പാട് ബീച്ചിലാണ് 44കാരനായ വിജേഷ് 24കാരിയായ ഭാര്യ വിസ്മയയേയും മകന് നാലര വയസുകാരന് ദക്ഷിനേയും കൊലപ്പെടുത്തിയത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത ശേഷം ജീവനൊടുക്കാന് ശ്രമിച്ച വിജേഷ് (44) ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. ഇന്നുപുലര്ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. ദമ്പതികള്ക്കിടെയില് ചെറിയ തര്ക്കങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായ പ്രശ്നങ്ങള് ഒന്നും ഉണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മയും ബന്ധുക്കളും പറയുന്നു.
ലോറി ഡ്രൈവറായ വിജേഷ് ആഴ്ചയില് ഒന്നോ രണ്ടോ ദിവസമാണ് വലപ്പാടുള്ള വിസ്മയയുടെ വീട്ടിലെത്താറുണ്ടായിരുന്നത്. വിസ്മയയുടെ അമ്മയും സഹോദരനും ഒരു മുറിയിലും വിജേഷും വിസ്മയയും കുഞ്ഞും അടുത്ത മുറിയിലുമാണ് കിടക്കുന്നത്. ഇന്നലെ രാത്രിയും പതിവുപോലെ വീട്ടിലെത്തിയ വിജേഷ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉറങ്ങാന് കിടന്നതാണ്, ഇന്നുപുലര്ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടക്കുന്നത്.
ഉടന് തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിസ്മയയുടേയും കുഞ്ഞിന്റേയും മരണം സ്ഥിരീകരിച്ചു. വിജേഷ് ഗുരുതരാവസ്ഥയില് മെഡിക്കല് കോളജില് ചികിത്സയില് കഴിയുകയാണ്. നാട്ടിക ബീച്ച ്സ്വദേശിയാണ് വിജേഷ്. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊടുങ്ങല്ലൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.