വിവാഹേതരബന്ധം ആരോപിച്ച് യുവതിയെയും ആണ്‍സുഹൃത്തിനേയും കെട്ടിയിട്ട് പൊതുജനമധ്യേ അപമാനിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ അഞ്ചിന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിലാണ് യുവതിയെയും ആണ്‍സുഹൃത്തിനേയും പ്രതികൾ പീഡിപ്പിച്ചതായി കേസെടുത്തിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഒരു സമുദായ നേതാവ് സുരേന്ദ്രനഗർ പൊലീസ് സൂപ്രണ്ട് പ്രേംസുഖ് ഡെലുവിനെ അറിയിച്ചു. തുടർന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് വേദിക ബിഹാനിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.
വിഡിയോയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ യുവതിയെയും പുരുഷനെയും കയറുകൊണ്ട് ബന്ധിച്ചിരിക്കുന്നതായി കാണാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരെയും നിർബന്ധിത ലൈംഗിക പ്രവൃത്തികൾക്ക് വിധേയരാക്കിയതായും പൊലീസ് വ്യക്തമാക്കി. വിഡിയോയിൽ സ്ത്രീയോടു ഒരു പാത്രത്തിൽ മൂത്രമൊഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതും, പുരുഷനെക്കൊണ്ട് മൂത്രം കുടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. ഇരയായ യുവതിയെ പൊലീസ് സംഘം പിന്നീട് കണ്ടെത്തി. വീട്ടിൽ നിന്ന് കണ്ടെത്തുമ്പോൾ അവരുടെ മുഖത്തിന്റെ വലതുഭാഗത്തും വലതുകൈയിലും വീക്കമുണ്ടായിരുന്നതായും കണ്ണിന് പരിക്കേറ്റിരുന്നതായും പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തെ കണ്ടയുടൻ യുവതി പൊട്ടിക്കരഞ്ഞ് അവിടെനിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി ASP വേദിക ബിഹാനി പറഞ്ഞു. നിലവിൽ അവർ സംസ്ഥാന സർക്കാരിന്റെ സംരക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
കേസിലെ പ്രധാന പ്രതി യുവതിയുടെ ഭർത്താവാണെന്ന് അവകാശപ്പെട്ടിരുന്നയാളാണ്. എന്നാൽ ഇയാൾക്ക് വൽസാദ് ജില്ലയിലെ വാപിയിൽ നേരത്തെ തന്നെ ഭാര്യയും മക്കളുമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വാപിയില്‍ യുവതിയെ ചങ്ങലക്കിട്ടിരുന്നതായിട്ടാണ് യുവതിയുടെ മൊഴി. അവിടെ നിന്നുമാണ് യുവതി ആണ്‍സുഹൃത്തിനൊപ്പം രക്ഷപ്പെടുന്നത്.
പിന്നീട് സുരേന്ദ്രനഗറിലെത്തി യുവാവിനും ബന്ധുക്കള്‍ക്കുമൊപ്പം കഴിയവെയാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ ഒൻപത് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, മനഃപൂർവം പരിക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
“ഒരാളെ ലൈംഗിക പ്രവൃത്തിക്ക് നിർബന്ധിക്കുന്നത് നിയമപ്രകാരം ബലാത്സംഗത്തിന്റെ പരിധിയിൽ വരും. ഒൻപത് പേർ സംഭവത്തിൽ പങ്കെടുത്തതിനാലാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്,” പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിഡിയോയിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷനെയും പൊലീസ് പിന്നീട് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാൾ നിലവിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.