പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 35 കാരനായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ഷാഫിയുടെ സുഹൃത്തായ കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ കൂളിങ് കനാലിന് സമീപം തലയില്ലാത്ത മൃതദേഹ ഭാഗം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍‌ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തദിവസം തന്നെ എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും ഡ്രോണുകളുടെയും സഹായത്തോടെ മൃതദേഹ ഭാഗം ലഭിച്ച കനാലില്‍ തിരച്ചില്‍ നടത്തുകയും തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെടു‌ക്കുകയും ചെയ്തു. എന്നാല്‍ ഒരു കൈ മാത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. മൃതദേഹത്തിലുണ്ടായിരുന്ന ടാറ്റൂവില്‍ നിന്നും കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞത്. കല്യാണിയുടെ സഹോദരനാണ് ടാറ്റൂ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തു. ഷാഫിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 17നാണ് കൃത്യം നടന്നത്. ഇറച്ചിക്കട നടത്തുന്ന മുഹമ്മദ് ഷാഫി തന്‍റെ ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ ഭവാനിപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ഇവര്‍ തമ്മില്‍ പണത്തെയും ഷാഫിയുടെ കുടുംബത്തിന്‍റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതനായ ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നതിന് പകരമായി ഓരോ തവണയും 5,000 അല്ലെങ്കിൽ 10,000 രൂപ വീതം കല്യാണി ആവശ്യപ്പെട്ടിരുന്നതായും, പ്രതി ചെറിയ സ്വർണാഭരണങ്ങൾ വാങ്ങി നൽകിയിരുന്നതായും എ.സി.പി. ദുർഗ റാലു വ്യക്തമാക്കി.

കൊലയ്ക്ക് ശേഷം, ആളെ തിരിച്ചറിയാതിരിക്കാനും മൃതദേഹം മറവ് ചെയ്യുന്നത് എളുപ്പമാക്കാനും വേണ്ടി ഷാഫി കല്യാണിയുടെ മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. പിന്നീട് ഇവ കനാലില്‍ തള്ളി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും മറ്റ് തെളിവുകളുമാണ് അന്വേഷണം ഷാഫിയിലേക്ക് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തിയും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ പങ്കാളിയായ ഷാഫിയുടെ സഹായി ഗുരുവുലു ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

അതേസമയം, കല്യാണിയുടെ മകൻ ഇപ്പോൾ ഷാഫിയുടെ ഭാര്യയുടെ കൂടെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടിയുടെ സംരക്ഷണാവകാശത്തെക്കുറിച്ച് അധികൃതർ നിയമോപദേശം തേടുന്നുണ്ട്. കുട്ടിയെ ഐസിഡിഎസ് വകുപ്പിന് കൈമാറാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

ENGLISH SUMMARY:

In Vijayawada, Andhra Pradesh, a 35-year-old butcher named Mohammad Shafi and his shop assistant Guvvulu were arrested for the brutal murder and dismemberment of a woman named Kalyani over financial and personal disputes.