രോഗശാന്തി വാഗ്ദാനം ചെയ്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. സംഭവത്തിൽ 55കാരനായ പരശുരാം യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അസുഖബാധിതയായിരുന്ന പെൺകുട്ടിയെ ചികിത്സയ്ക്കായി ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെ അയൽവാസിയായ ഒരു സ്ത്രീയാണ് രോഗശാന്തി നൽകാമെന്ന് പറഞ്ഞ് പ്രതിയുടെ അടുത്തേയ്ക്ക് കുട്ടിയെ കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.
ചികിത്സയുടെ പേരിൽ പെൺകുട്ടിയെ അമ്മയിൽനിന്ന് മാറ്റിനിർത്തിയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടി ബഹളംവച്ചതോടെ അമ്മ സ്ഥലത്തെത്തിയെന്നും തുടർന്ന് പ്രതി അവിടെനിന്ന് രക്ഷപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് കുടുംബം ബിസണ്ഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
പ്രതിയെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 25ന് പവായി ഗ്രാമത്തിന് സമീപത്തുനിന്നാണ് പരശുരാം യാദവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.