മരണാനന്തരച്ചടങ്ങിനോടനുബന്ധച്ചുള്ള അടിയന്തരസദ്യക്കു ബീഫ് വിളമ്പാത്തതിന് വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞയാളെ ചേർത്തല പൊലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലെ ആറാം വാർഡിലെ ചക്രൻ ശ്യാം എന്നുവിളിക്കുന്ന ശ്യാംകുമാർ ആണ് അറസ്റ്റിലായത്. മോഷണക്കേസുകളിലടക്കം പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഓഗസ്റ്റ് 22-ന് ആയിരുന്നു തല്ലുണ്ടായത്. ഭക്ഷണം വിളമ്പുന്നതിനിടെ ചിക്കൻകറി നൽകിയതിൽ ഇയാൾ പ്രകോപിതനായി. ബീഫ് വേണമെന്നാവശ്യപ്പെട്ടു. പിന്നെ ബഹളമുണ്ടാക്കി. തുടർന്ന് ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിച്ചു. അടിയേറ്റ വയോധികന്റെ പല്ലുകൾ കൊഴിഞ്ഞു. ആക്രമണത്തിനുശേഷം പ്രതി നാടുവിട്ടു. പിന്നീട് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തൃശ്ശൂരിലെത്തി ഇയാളെ പിടികൂടിയത്.