ബ്രസീലിലെ കാമേറ്റയിൽ ക്ലാസ് മുറിക്കുള്ളിൽ അധ്യാപികയെ കുത്തി വിദ്യാർഥിനി. പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിച്ച് നൽകിയതിന് പിന്നാലെയാണ് 17കാരിയായ വിദ്യാർഥിനി അധ്യാപികയെ ആക്രമിച്ചത്. ഡോ. ഗെർസൺ ഡോസ് സാന്റോസ് സ്കൂളിലാണ് സംഭവം.
സെപ്റ്റംബർ 11നായിരുന്നു കണക്ക് പരീക്ഷ. തൊട്ടടുത്ത ദിവസം അധ്യാപിക ഉത്തരക്കടലാസ് പരിശോധിച്ച് വിദ്യാർഥികൾക്ക് തിരികെ നൽകി. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്നാണ് 17കാരി അധ്യാപികയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർഥിനി അധ്യാപികയെ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
അധ്യാപികയുടെ മേശയ്ക്ക് സമീപം വിദ്യാർഥിനി നിൽക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പോക്കറ്റിൽനിന്ന് വലിയ കത്തി പുറത്തെടുത്ത് വിദ്യാർഥിനി ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പതറാതെ അധ്യാപിക കുട്ടിയെ പ്രതിരോധിക്കാൻ ശ്രമിച്ചു. കത്തി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപികയ്ക്ക് ചെറിയ പരുക്കേറ്റു. ഇതിനിടെ വിദ്യാർഥിനി ക്ലാസ് മുറിയിൽനിന്ന് ഓടിരക്ഷപ്പെട്ടു.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിലുള്ള നിരാശയും അധ്യാപികയോടുള്ള പകയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് അധ്യാപികയെ ഇഷ്ടമല്ലെന്നും വിദ്യാർഥിനി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
പരുക്കേറ്റ അധ്യാപികയെ ഉടൻതന്നെ അടുത്തുള്ള റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം അധ്യാപിക ആശുപത്രി വിട്ടു. വിദ്യാർഥിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.