കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി കഞ്ചാവ് കടത്തിയെന്നാരോപിച്ച് യുവാവും സുഹൃത്തായ യുവതിയും അറസ്റ്റിൽ. ഒഡീഷയിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് 12 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച പെദ്ദപ്പള്ളി സ്വദേശി മിത്ര ചൈതന്യ (21), സുഹൃത്ത് ഹേമലത (20) എന്നിവരെയാണ് തെലങ്കാന എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഫോഴ്‌സും പൊലീസും ചേർന്ന് പിടികൂടിയത്.

പൊലീസ് പറയുന്നതനുസരിച്ച്, ഒഡീഷയിലെ പസുപുലങ്കയിലെത്തിയ ഇരുവരും അഞ്ച് ദിവസത്തോളം അവിടെ താമസിച്ച ശേഷമാണ് കഞ്ചാവ് വാങ്ങിയത്. ഏകദേശം 16,000 രൂപയ്ക്കാണ് 12 കിലോ കഞ്ചാവ് വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈദരാബാദിലെത്തിച്ച് കഞ്ചാവ് വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

പൾസർ ബൈക്കിലാണ് ഇരുവരും ഒഡീഷയിൽ നിന്ന് മടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ദരകൊണ്ട, ഗുർതേഡു, മാരേഡുമില്ലി, രാജമഹേന്ദ്രവരം, സത്തുപള്ളി വഴി യാത്ര ചെയ്ത സംഘം വൈറയിലെത്തുകയായിരുന്നു. വൈറ റിംഗ് സെന്ററിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് ഇരുവരെയും തടയാൻ ശ്രമിച്ചത്. എന്നാൽ വാഹനം നിർത്താതെ ചൈതന്യ രക്ഷപ്പെടാൻ ശ്രമിച്ചതായും തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് നിസാര പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് 12 കിലോ കഞ്ചാവ്, ബൈക്ക്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം ആറ് ലക്ഷം രൂപയുടെ വിപണിമൂല്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക്. ഹേമലതയുടെ പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങുന്നതിനായി പണം കണ്ടെത്താനാണ് കഞ്ചാവ് വിൽക്കാൻ തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലിൽ ചൈതന്യ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ഇത് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലാണെന്നും കേസിൽ കോടതി അന്തിമമായി തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ചൈതന്യക്കെതിരെ നേരത്തെയും മൂന്ന് NDPS കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2026 ഏപ്രിൽ 30-ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും ലഹരിക്കടത്തിൽ ഏർപ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലെ ശൃംഖല ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് വാങ്ങാൻ കാത്തിരുന്നവരെയും വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Youth Arrested for Drug Smuggling to Buy iPhone Gift:

Youth arrested for cannabis drug smuggling to fund iPhone gift. A 21-year-old man and his 20-year-old friend were apprehended by the Telangana police for attempting to smuggle 12 kg of cannabis from Odisha to Hyderabad.