TAGS

മധ്യപ്രദേശിലെ ഷഹ്‌ദോളിൽ രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ മധ്യപ്രദേശ് ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. 25 വർഷം ഇളവില്ലാതെ ജയിൽവാസം അനുഭവിക്കണമെന്ന വ്യവസ്ഥയോടെയാണ് വധശിക്ഷ ജീവപര്യന്തമാക്കി മാറ്റിയത്.

2023 മാർച്ച് ഒന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുഞ്ഞിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ കുഞ്ഞിന് ഗുരുതരമായ പരുക്കുകൾ സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ച വിചാരണക്കോടതി ഇത് ‘അപൂർവങ്ങളിൽ അപൂർവമായ’ കേസാണെന്ന് വിലയിരുത്തിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

എന്നാൽ വധശിക്ഷ ശരിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നടപടികൾ പരിഗണിച്ച ഹൈക്കോടതി, കുറ്റത്തിന്റെ ഗൗരവം അംഗീകരിച്ചെങ്കിലും വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നതും, കുറ്റം നടന്ന സമയത്ത് പ്രതിക്ക് 32 വയസായിരുന്നെന്നതും, ജയിലിലെ പെരുമാറ്റവും കോടതി പരിഗണിച്ചു.

പ്രതിയിൽ പരിഷ്കരണത്തിനും പുനരധിവാസത്തിനുമുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യജീവൻ ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണെന്നും, അതിനാൽ വധശിക്ഷ വിധിക്കുന്നതിന് മുന്‍പ് കേസിലെ എല്ലാ സാഹചര്യങ്ങളും സൂക്ഷ്മമായി പരിഗണിക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

അതേസമയം, പ്രതിക്കെതിരായ കുറ്റവിധി ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. കേസിലെ പ്രധാന കുറ്റങ്ങളിൽ വിചാരണക്കോടതി നടത്തിയ കണ്ടെത്തലുകൾ നിലനിർത്തിക്കൊണ്ടാണ് ശിക്ഷയിൽ മാറ്റം വരുത്തിയത്. പ്രതിക്ക് ഇനി കുറഞ്ഞത് 25 വർഷം യാതൊരു ഇളവുമില്ലാതെ തടവ് അനുഭവിക്കേണ്ടിവരും. സാധാരണ ശിക്ഷാ ഇളവുകൾ അനുവദിച്ച് അതിന് മുന്‍പ് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലാണ് ഹൈക്കോടതി ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന വിലയിരുത്തലിൽ അവരെ കുറ്റവിമുക്തരാക്കിയതായും റിപ്പോർട്ടുകളുണ്ട്.

mp-high-court-shahdol-minor-rape-murder-death-sentence-life-imprisonment:

The Madhya Pradesh High Court has commuted the death sentence awarded to a convict in the Shahdol minor rape-murder case to life imprisonment, with 25 years to be served without remission. The incident occurred on March 1, 2023, when a two-and-a-half-year-old girl was sexually assaulted and seriously injured before later dying in hospital. While the trial court had classified the case as one of the “rarest of rare” and awarded the death penalty, the High Court considered factors including the convict’s age, lack of previous criminal history, conduct in prison, and the possibility of reformation and rehabilitation. The court stressed the value of human life while retaining the conviction and modifying only the sentence.