കണ്ണൂരില്‍ ആഡംബര കാറിന്‍റെ അടിയിൽ ഒളിപ്പിച്ച എംഡിഎംഎ വിദഗ്‌ധമായി പിടികൂടി ഇരിട്ടി പൊലീസ്. രണ്ട് പേർ പിടിയിൽ. വളപട്ടണം സ്വദേശി ഷമീമും, നിസാറും ആണ് പിടിയിലായത്. 95 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
കഴിഞ്ഞദിവസം കൂട്ടുപുഴ ചെക്പോസ്റ്റിൽ കർണാടക-കേരള അതിർത്തിയിലാണ് സംഭവം. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോകുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് കാർ തടഞ്ഞു. എങ്ങോട്ടാണ് ഇത്ര സ്പീഡില്‍ നിർത്താതെ പോയതെന്ന് ചോദിച്ചപ്പോൾ വര്‍ക്ക്ഷോപ്പിലേക്ക് പോവുകയാണ് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് കാര്‍ പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല.
എന്നാല്‍ അവിടം കൊണ്ടും പൊലീസ് വിട്ടില്ല. വാഹനം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. സർവീസ് സെന്‍ററിലെത്തി കാർ ഉയർത്തി പരിശോധന നടത്തിയപ്പോളാണ് ‘സാധനം’ കണ്ടെടുക്കുന്നത്. കാറിന്‍റെ അടിയിൽ പ്രത്യേകം നിർമിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പ്രത്യേകം കവറുകളിലാക്കി പൊതിഞ്ഞ രൂപത്തിലായിരുന്നു ലഹരി. കാറിന്‍റെ ഷാസിയില്‍ ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ഘടിപ്പിച്ച മെറ്റല്‍ ബോക്സിലായിരുന്നു ലഹരി ഉണ്ടായിരുന്നത്.
അതേസമയം, അറസ്റ്റിലായ രണ്ടുപേരും ലഹരി കേസുകൾ അടക്കം മറ്റു പല കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതികളാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ പശ്ചാത്തലം തന്നെയാണ് കാര്‍ വിശദമായി പരിശോധിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.