ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫിയും സരിതയും കച്ചവടം നടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എം.ഡി.എം.എ വാങ്ങിയ ശേഷം ഓര്‍ഡര്‍ അനുസരിച്ച് പറയുന്ന സ്ഥലത്ത് ലഹരി എത്തിച്ചു നല്‍കുന്ന ഡോര്‍ ഡെലിവറി സംവിധാനത്തിലായിരുന്നു പ്രതികളുടെ ലഹരി കച്ചവടം.
അടുത്തിടെ മുഹമ്മദ് ഷാഫി ബെംഗുളൂരുവില്‍ പോയി എം.ഡി.എം.എ വാങ്ങിയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് 65.27 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എക്സൈസ് സംഘം ഹോട്ടല്‍മുറിയില്‍ എത്തുന്ന സമയത്ത് മുഹമ്മദ് ഷാഫി മാത്രമാണുണ്ടായിരുന്നത്. സരിത
ആലപ്പുഴയില്‍ നിന്നു ലഭിച്ച ഓര്‍ഡര്‍ കൈമാറുന്നതിനായി പോയതായിരുന്നു. രാത്രി തിരിച്ചെത്തിയ സരിതയേയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്തപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചിട്ടുള്ളതായി ഇവര്‍ എക്സൈസിന് മൊഴി നല്‍കി. ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഗ്രാമിന് 4000 രൂപ നിരക്കിലായിരുന്നു എം.ഡി.എം.എ കച്ചവടം. പ്രതികള്‍ ലഹരി വില്‍പ്പന നടത്തി ലഭിച്ച 17,770 രൂപയും, ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പിടികൂടി.