പേരുകേട്ട ഭക്ഷ്യശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ നിന്ന് പിടികൂടിയത് 192 കിലോ പഴകിയ ചിക്കൻ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വർക്കല മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വർക്കല മൈതാനം - ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതർ മാംസം പിടിച്ചെടുത്തത്.

ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. രണ്ട് കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പാചകപ്പുരയ്ക്കുള്ളിൽ ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

പ്രത്യേക ഓഫർ പ്രഖ്യാപിച്ച് വിപുലമായ രീതിയിൽ ചിക്കൻ വിൽപ്പന നടത്തുന്നതിനിടെയാണ് ആരോഗ്യവിഭാഗം മിന്നൽ പരിശോധനയുമായെത്തിയത്. അതുകൊണ്ടുതന്നെ പഴകിയ മാംസം മാറ്റാൻ സമയം കിട്ടിയില്ല.

പാചകപ്പുരയ്ക്കകത്ത് കയറി പരിശോധന നടത്തിയപ്പോൾ തീർത്തും വൃത്തിഹീനമായാണ് ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ബോധ്യമായി. ഫ്രീസറിൽ സൂക്ഷിക്കേണ്ട ചിക്കൻ, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.

ബീച്ചും ഹെലിപ്പാടും ഉൾപ്പെട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്‌ലെറ്റിൽ എപ്പോഴും തിരക്കാണ്. ഇവിടെ നിന്ന് പിടിച്ചെടുത്ത പഴകിയ ചിക്കൻ നഗരസഭാ അധികൃതർ നശിപ്പിച്ചു. സ്ഥാപനത്തിന് നോട്ടീസ് നൽകിയ ശേഷമാണ് ഉ​ഗ്യോ​ഗസ്ഥർ മടങ്ങിയത്.

ENGLISH SUMMARY:

KFC expired chicken was seized in Varkala, Kerala, following a customer complaint. Health officials discovered 192 kg of expired chicken and unhygienic conditions at the outlet.