കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കിടെ അബോധാവസ്ഥയിലായിപ്പോയ 52കാരനെ ഡ്രൈവർ പുറത്തേക്ക് തള്ളിയതായി പരാതി. നെടുമങ്ങാട് ആനാട് ആയൂർവേദ ആശുപത്രി തെറാപ്പിസ്റ്റ് എസ്. അഷ്റഫിനെയാണ് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഡ്രൈവർ പുറത്തേക്ക് തള്ളിയതായി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.

ശനിയാഴ്ച രാവിലെ കിളിമാനൂർ ഡിപ്പോയിലെ ബസിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അഷ്റഫ് അബോധാവസ്ഥയിലായത് കിളിമാനൂരിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള ബസ് യാത്രയ്ക്കിടെയായിരുന്നു. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയിട്ടും അദ്ദേഹത്തിന് അനാരോഗ്യം മൂലം ഇറങ്ങാനായില്ല.

വേങ്കവിള എത്തിയതോടെ, ഡ്രൈവർ ബസിൽ നിന്ന് പിടിച്ചുതള്ളിയെന്നാണ് അഷ്‌റഫിന്റെ പരാതി. നാട്ടുകാർ പിടിച്ചതോടെ റോഡിൽ വീണില്ല. ഉടൻ തന്നെ നാട്ടുകാർ അഷ്റപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ പ്രമേഹമുള്ളതിനാലാണ് തളര്‍ച്ചയുണ്ടായതെന്ന് കണ്ടെത്തി. അന്ന് വൈകിട്ടോടെ അഷ്റഫ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ENGLISH SUMMARY:

A KSRTC bus passenger was allegedly pushed out of the bus by the driver while he was in an unconscious state. The incident, which occurred on a Kilimanoor depot bus, has led to a police complaint.