ചെന്നൈയെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. യുവാവിനെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച കേസില്‍ യുവാവിന്‍റെ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. കൈകളും കാലുകളും തലയുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശി അമീര്‍ അലിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രോഹിമ, സുഹൃത്ത് അഷ്റഫ് എന്നിവരാണ് പിടിയിലായത്. മൃതദേഹത്തിന്‍റെ അടിവസ്ത്രത്തിലെ ബാര്‍കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. അടിവസ്ത്രം വാങ്ങിയ പെരമ്പൂരിലെ കടയില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ വഴിയാണ് കൊല്ലപ്പെട്ട അമീറിലേക്ക് എത്തിയത്. അമീറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് അമീറും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിനിടെ ചെന്നൈയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഷറഫുമായി രോഹിമ സൗഹൃദത്തിലാകുകയും ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഉറക്ക ഗുളിക നല്‍കി അമീറിനെ മയക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി.
കഴിഞ്ഞദിവസം പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയത്.