മേയ് മുപ്പതിന് പുലര്‍ച്ചെ അഞ്ചരയായിക്കാണും. പോട്ട ലിറ്റില്‍ഫ്ളവര്‍ പള്ളിയിലേക്ക് നടന്നു പോകുകയായിരുന്നു വീട്ടമ്മ. പോട്ട സ്വദേശിനിയായ അന്‍പത്തിയെട്ടുകാരി ലാലി. വാഴക്കുന്ന് എത്തിയപ്പോള്‍ പിന്നിലൂടെ ഒരാള്‍ വായ പൊത്തിപ്പിടിച്ചു. ബലമായി അടുത്ത പറമ്പിലേയ്ക്കു കൊണ്ടുപോയി. ലാലി നിലവിളിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. വായ പൊത്തിപ്പിടിച്ചിരുന്നു. മുഖത്ത് ശക്തമായി അടിച്ചപ്പോള്‍ ബോധംപോയി. വിജനമായ പറമ്പില്‍ വീണു. ബോധം തെളിഞ്ഞപ്പോള്‍ കയ്യില്‍ മൂന്നു സ്വര്‍ണ വളകളുമില്ല. മൂന്നു പവന്‍റെ ആഭരണം നഷ്ടപ്പെട്ടു. വേഗം നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ ഉടനെ ചാലക്കുടി പൊലീസിനെ അറിയിച്ചു. ആരാണ് കള്ളന്‍? പൊലീസ് മെനക്കെട്ടിറങ്ങി. 

പോട്ട മുതല്‍ ആളൂര്‍ വരെ നാലു കിലോമീറ്റര്‍ ദൂരമുണ്ട്. ഈ വഴികളിലൂടെ സ്ഥിരമായി നടക്കുന്നവര്‍ ആരാണ്. കള്ളന്‍ വാഹനം ഉപയോഗിച്ചിട്ടില്ല. പിറ്റേന്ന് വെളുപ്പിന് മൂന്നേമുക്കാലിനു തന്നെ മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. ട്രാക്ക് സ്യൂട്ട് ധരിച്ച് പൊലീസുകാരുടെ വലിയൊരു സംഘം നാലു കിലോമീറ്റര്‍ നടന്നു. പ്രഭാത സവാരിക്കാര്‍ അറിയാതെ അവരുടെ ചിത്രങ്ങളെടുത്തു. ഓരോ പടങ്ങളും വീട്ടമ്മയെ കാട്ടി. സംശയമുള്ളവരെ കേന്ദ്രീകരിച്ച് പൊലീസിന്‍റെ രഹസ്യാന്വേഷണം. നല്ല മസിലുള്ള ചെറുപ്പക്കാരനാണെന്ന് ലാലി പൊലീസിനോട് പറഞ്ഞിരുന്നു. മസില്‍ നോക്കിയായി പിന്നെ അന്വേഷണം. ​

ലാലിയുടെ വീടിനടുത്തുള്ള വാടക വീട്ടില്‍ ഒരു കണ്ണൂര്‍ സ്വദേശി താമസിക്കുന്നുണ്ട്. തലശേരിക്കാരന്‍ റോഷന്‍. നാല്‍പത്തിയാറു വയസുണ്ട്. മൊഴിപ്രകാരം റോഷന്‍റെ ആകാരവുമായി സാമ്യം. ധനകാര്യ സ്ഥാപനത്തില്‍ ലോണ്‍ അപ്രൂവറാണ് റോഷന്‍. ഭാര്യയും രണ്ടു മക്കളും. നാട്ടില്‍ മാന്യനാണ്. പക്ഷേ, കടക്കെണിയിലാണ്. ലോണ്‍ ആപ്പില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. പിടിച്ചുപറി നടന്ന ദിവസം എവിടെയായിരുന്നു റോഷനെ വിളിച്ച ്പൊലീസ് ചോദിച്ചു. നടക്കാന്‍ പോയിരുന്നുവെന്നാണ് മറുപടി. ഇക്കണോമിക്സില്‍ ഉന്നത ബിരുദമുള്ളയാള്‍. കുടുംബപശ്ചാത്തലവും നല്ലത്. കള്ളനാകാന്‍ ഒരു സാധ്യതയുമില്ല. 

സ്വര്‍ണം വിറ്റ കടയില്‍ നിന്ന് നല്‍കിയ രിശീതി റോഷന്‍ ഫൊട്ടോയെടുത്ത് മൊബൈല്‍ ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചിരുന്നു. റോഷന്‍റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് എന്താണെന്ന് ചോദിച്ചു?. ആ കടയില്‍ വിളിച്ച് പൊലീസ് ചോദിച്ചു. രണ്ടു പവന്‍റെ വള റോഷന്‍ വിറ്റിരുന്നു. കണ്ണൂരിലെ കടയായിരുന്നു അത്. മറ്റൊരു ചിത്രം ചാലക്കുടിയിലെ സ്വര്‍ണക്കടയിലേതും. അവിടെ ഒരു വള വിറ്റു. ഈ ചിത്രങ്ങള്‍ സഹിതമുള്ള ചോദ്യംചെയ്യലിലും അന്വേഷണത്തിലും കളവിലെ അരങ്ങേറ്റം പൊളിഞ്ഞു. റോഷന്‍ എല്ലാം സമ്മതിച്ചു. കടംവീട്ടാന്‍ കണ്ടെത്തിയ വഴിയായിരുന്നു പിടിച്ചുപറി. മൂന്നു വര്‍ഷമായി പോട്ട വാഴക്കുന്നിലാണ് താമസം. 

പൊലീസിന്‍റെ നടത്തം വഴിത്തിരിവായി

സിസിടിവി കാമറകളില്ലാതെയും കള്ളനെ പിടിക്കാം. അതിന് കുറച്ച് മെനക്കെടണം. തൃശൂര്‍ റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറിന്‍റെ മേല്‍നോട്ടത്തില്‍ പൊലീസ് മെനക്കെട്ടു. ചാലക്കുടി ഡിവൈ.എസ്.പി കെ.പി.ബെന്നിയും ഇന്‍സ്പെക്ടര്‍ ടി.ശശികുമാറും ഉറക്കമൊഴിച്ചു. പ്രത്യേക സ്ക്വാഡിലെ എസ്.ഐ വൈശാഖ്, ഉദ്യോഗസ്ഥരായ സതീശന്‍ മടപ്പാട്ടില്‍, പി.എം.മൂസ, വി.യു. സില്‍ജോ, എ.യു.റെഡി, എം.ജെ.ബിനു, ഇ.എ.ശ്രീജിത്, സി.കെ.ഷനൂഹ് , സി.അനൂപ് ആര്‍ എന്നിവര്‍ നടത്തിയ പ്രയ്തനമാണ് ഫലം കണ്ടത്. ഉദ്യോഗസ്ഥരുടെ ഇച്ഛാശക്തിയില്‍ കള്ളന് പിടിവീണു. 

ENGLISH SUMMARY:

Pottar robbery news highlights a recent incident where a homeowner was robbed of three gold bangles. The police successfully apprehended the suspect through meticulous investigation, proving that arrests can be made even without CCTV footage.