TAGS

നിങ്ങള്‍ ബീച്ചിലോ പാര്‍ക്കിലോ നടക്കാന്‍ പോകുന്നവരാണോ?. ആരെങ്കിലും ഒരാള്‍ വിഡിയോ എടുത്തു തരുമോയെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?. വിഡിയോ എടുത്തു കൊടുക്കാന്‍ ആരും മടി കാണിക്കാറില്ല !. ഇങ്ങനെ മടി കാണിക്കാതെ പെരുമാറിയ ഐ.ടി. ഉദ്യോഗസ്ഥനുണ്ടായ അനുഭവം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 

കടലില്‍ ചാടുന്ന വിഡിയോ എടുക്കാമോ?

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഐ.ടി. ഉദ്യോഗസ്ഥനായ യുവാവ്. ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയതാണ് ഈ 43-കാരന്‍. ഒരാഴ്ചയായി ബീച്ചില്‍ നടക്കാന്‍ വരുന്നുണ്ട്. സന്ധ്യാ നടത്തം. ബീച്ചില്‍ നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് വന്നു ചോദിച്ചു. ‘‘ചേട്ടന്‍ വ്ലോഗറാണോ?. എനിക്കൊരു വിഡിയോ ഷൂട്ട് ചെയ്തു തരാമോ?. ഞാന്‍ കടിലിലേയ്ക്ക് ചാടിയിറങ്ങും. ഇതൊരു വിഡിയോ ആക്കാനാണ്. ഒന്ന് ഷൂട്ട് ചെയ്തു തരാമോ?.’’. ഇതുകേട്ട ഐ.ടി. ഉദ്യോഗസ്ഥന്‍ അതിനു സമ്മതിച്ചു. ചേതമില്ലാത്ത ഒരുപകാരം. പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട് ഒരു ഫോട്ടോ എടുത്തു തരുമോയെന്ന് !. അങ്ങനെ, കടലില്‍ ചാടുന്ന യുവാവിന്‍റെ ഫോണില്‍തന്നെ വിഡിയോ എടുത്തു. 

യുവാവ് വരുന്നു, വേഗത്തില്‍ കടലിലേയ്ക്കു ചാടുന്നു. ഈ സമയത്താണ്, മറ്റു രണ്ടു യുവാക്കള്‍ വളയുന്നത്. ഒരാള്‍ കടലില്‍ ചാടുന്ന വിഡിയോ എടുക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേ!. ഒരാള്‍ കടലില്‍ ചാടുമ്പോള്‍ അയാളെ രക്ഷിക്കാന്‍ നോക്കാതെ വിഡിയോ എടുക്കുകയാണോ?. ഇതു റീല്‍സിനു വേണ്ട വിഡിയോയാണെന്ന് ഐ.ടി. ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. പക്ഷേ, ആരു കേള്‍ക്കാന്‍. പിന്നാലെ, ഐ.ടി. ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി. ഉന്തുംതള്ളുമായി. നിറയെ സന്ദര്‍ശകരാണ് ബീച്ചില്‍. പ്രാദേശികമായി ആളുകള്‍ കുറവ്. സന്ദര്‍ശകരാരും ഇടപ്പെട്ടില്ല. ഇതിനിടെ , കടലില്‍ ചാടിയവനും ഇവര്‍ക്കൊപ്പം കൂടി. മൂന്നു പേരും കൂടി ഐ.ടി. ഉദ്യോഗസ്ഥനെ കീഴ്പ്പെടുത്തി. കഴുത്തില്‍ ധരിച്ചിരുന്ന നാലു പവന്‍റെ സ്വര്‍ണ മാല തട്ടിയെടുത്തു. അണിഞ്ഞിരുന്ന സ്വര്‍ണ കടുക്കന്‍ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഐ.ടി. ഉദ്യോഗസ്ഥന്‍ ബഹളംവച്ചു. ആളു കൂടുമെന്നായപ്പോള്‍ മൂന്നു പേരും  ബൈക്കില്‍ രക്ഷപ്പെട്ടു.

ഗൂഗിളില്‍ നമ്പര്‍ തിരഞ്ഞു  

ഐ.ടി. ഉദ്യോഗസ്ഥന്‍ ഉടനെ മൊബൈല്‍ ഫോണില്‍ ഗൂഗിളില്‍  ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍ സെര്‍ച്ച് ചെയ്തു. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്‍റെ നമ്പറില്‍ വിളിച്ച് കാര്യം പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പൊലീസ് പാഞ്ഞെത്തി പൊക്കുളങ്ങര ബീച്ചില്‍. ബൈക്കിന്‍റെ നമ്പര്‍ ഐ.ടി. ഉദ്യോഗസ്ഥന്‍ കുറിച്ചെടുത്തിരുന്നു. പൊലീസിന് ഈ നമ്പര്‍ കൈമാറി. അമീര്‍ എന്നായിരുന്നു വണ്ടി ഉടമയുടെ പേര്. കഞ്ചാവ് ഉപയോഗിച്ചതിന് വാടാനപ്പിള്ളി പൊലീസ് ഈയിടെ പിടികൂടിയ യുവാവിന്‍റേ പേരും അമീര്‍. വിഡിയോ എടുക്കാന്‍ പറഞ്ഞ ആളിന്‍റെ പേര് നിഷാദാണെന്ന് മറ്റുള്ളവരുടെ സംസാരത്തില്‍ ഐ.ടി. ഉദ്യോഗസ്ഥന് മനസിലായി. വാടാനപ്പിള്ളി സ്വദേശിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ നേരത്തെ പിടികൂടിയ നിഷാദായിരിക്കുമോയെന്ന് പൊലീസ് സംശയിച്ചു. സ്പെഷല്‍ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു ലോക്കല്‍ പൊലീസിനു കൈമാറി. നിഷാദിന്‍റെ മകളുടെ ഭര്‍ത്താവാണ് അമീര്‍. ഈ രണ്ടു പേരുടേയും ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി.: പ്രമോദും കയ്പമംഗലം എസ്.എച്ച്.ഒ: ടി.ബിജിത്തും ജാഗ്രതാ സന്ദേശം നല്‍കി. വണ്ടി നമ്പര്‍ പൊലീസിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ നല്‍കി. വയര്‍ലെസ് സെറ്റിലും വിവരം കൈമാറി. 

60-ാം മിനിറ്റില്‍ വഴിത്തിരിവ്

നാടകം കളിച്ച് മാലപൊട്ടിച്ചോടിയ മൂന്നു പേരും ഏഴാംകല്ല് ഭാഗത്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഡിവൈ.എസ്.പി. പ്രമോദും സംഘവും ഏഴാംകല്ലില്‍ ബീച്ചില്‍ എത്തുമ്പോള്‍ ഈ മൂന്നു പേരും നാട്ടുകാരോട് ബഹളംവയ്ക്കുകയായിരുന്നു. കയ്യോടെ പിടികൂടി. അമ്മായിയപ്പന്‍ നിഷാദും മരുമകന്‍ അമീറും അയല്‍വാസി ഫഹദുമാണ് പിടിയിലായത്. ഈ മൂന്നു പേരേയും ഐ.ടി. ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. ബൈക്കും പിടിച്ചെടുത്തു. നാലു പവന്‍റെ മാല എവിടെയാണെന്ന് മാത്രം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊണ്ടിമുതല്‍ കണ്ടെത്താന്‍ ഇവരെ ഇനി വീണ്ടും ചോദ്യംചെയ്യണം. മാല പൊട്ടിച്ച് കീശയിലിട്ട അമീറിന്‍റെ വയര്‍ സ്കാന്‍ ചെയ്തു. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെ തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിയമിലേതുംപോലെ. പക്ഷേ, മാല കിട്ടിയില്ല. പൊക്കുളങ്ങരയില്‍ നിന്ന് ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ട് വരുന്നതിനിടെ മൂന്നു പ്രാവശ്യം ബൈക്ക് തെന്നി വീണു. ഈ സമയത്ത്, മാല നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നു. ഇവര്‍ ബൈക്കുമായി വന്ന വഴികളിലെല്ലാം പൊലീസ് തിരഞ്ഞു. ഇനി, മാല കിട്ടിയവര്‍ അതെടുത്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും. 

ആശയം അമ്മായിയപ്പന്‍റേത്

നിഷാദിന്‍റെ ആശയമായിരുന്നു കടലില്‍ ചാടുന്ന വിഡിയോ എടുപ്പിക്കല്‍. അതിന്‍റെ പേരില്‍ വഴക്കുണ്ടാക്കി നിമിഷനേരം കൊണ്ട് മാല കൈക്കലാക്കാം. സ്വര്‍ണമാല ധരിച്ച നടത്തക്കാരെ ഉന്നമിട്ട് നടത്തിയ പിടിച്ചുപറിക്കാരുടെ നാടകം. ഐ.ടി. ഉദ്യോഗസ്ഥന് ഇതൊരു നാടകമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പരോപകാര മനസുള്ളവര്‍ക്ക് പറ്റുന്ന ചതി. മാല പൊട്ടിക്കാന്‍ അമ്മായിയപ്പന്‍ ചുമതലപ്പെടുത്തിയത് മരുമകനേയും. മരുമകന്‍ അമീര്‍ ഡ്രൈവറാണ്.  കോഴിവണ്ടിയുടെ ഡ്രൈവര്‍. നിഷാദിനും ഫഹദിനും പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പിള്ളി എസ്.ഐ: വിഷ്ണു രാമചന്ദ്രന്‍, എസ്.ഐ: ഗോകുല്‍, എ.എസ്.ഐ: കാജാ ഹുസൈന്‍, ജി.എ.എസ്.ഐ: ബൈജു, പൊലീസുകാരായ ഫിറോസ്, അഖില്‍ , നൗഫല്‍ എന്നിവരായിരുന്നു പ്രതികളെ പിടികൂടിയ സംഘത്തില്‍.  ബൈജു, പൊലീസുകാരായ ഫിറോസ്, അഖില്‍ , നൗഫല്‍ എന്നിവരായിരുന്നു പ്രതികളെ പിടികൂടിയ സംഘത്തില്‍. 

ENGLISH SUMMARY:

An IT professional walking at Pokkulangara Beach in Engandiyur, Thrissur, was robbed of his four-sovereign gold chain after falling victim to an elaborate scam where he was asked to record a video of a man jumping into the sea. Once he filmed the stunt, accomplices surrounded and harassed him under the pretext that he was filming instead of helping, ultimately overpowering him and stealing his jewelry before fleeing on a motorcycle. The victim immediately searched for the nearest police station number on Google and alerted the Vadanappilly police, who tracked down the suspects—Nishad, his son-in-law Ameer, and their neighbor Fahad—within an hour at Ezhakkallu. Although the trio was swiftly captured by police led by DySP Pramod and SHO T. Bijith, the stolen gold chain remains missing, with authorities suspecting it was lost when the thieves' motorcycle skidded multiple times during their escape.