പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമയായ യുവാവ് പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി. അശോകിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുലിന്റെ വീടിന് തൊട്ടുതാഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇയാളുടെ തന്നെ പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ആകെ രണ്ട് വനിതാ ജീവനക്കാരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. 2026 മാർച്ച് 13 നാണ് ക്യാമറ ഒളിച്ചുവച്ചിരിക്കുന്നത് വനിതാ ജീവനക്കാർ കണ്ടത്.
സ്ഥാപനത്തിലെ ഒരു ജീവനക്കാരി ശുചിമുറിയിൽ കയറിയ സമയത്ത് അവിടെയുള്ള വേസ്റ്റ് ബിന്നിൽ ഒരു വസ്തു ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ അതൊരു ഒളിക്യാമറയാണെന്നും, അതിനോട് ചേർന്ന് പവർ ബാങ്ക് ഘടിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഈ പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന രണ്ടാമത്തെ ജീവനക്കാരിയോട് കാര്യം പറയുകയും, തുടർന്ന് ഇവർ ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ രാഹുൽ ഒളിവിൽ പോയ ശേഷം കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകി.
കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിഞ്ഞ ഇയാളെ ശ്രീകാര്യം പൊലീസ് ഇയാളുടെ ഒളിത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഒളിക്യാമറ, പവർബാങ്ക്, മെമ്മറി കാർഡ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതു കണ്ടെത്താനാകു എന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.