നിരോധിത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് 12 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍. എക്‌സിമ ചികിത്സിക്കാൻ "സീറോ സ്റ്റിറോയിഡുകൾ" ചേർത്ത "നാച്ചുറൽ എക്സ്ട്രാക്റ്റ് ഫോർമുല" എന്ന് മാർക്കറ്റ് ചെയ്ത  ക്രീം ഉപയോഗിച്ചതിന് ശേഷം ആൺകുട്ടിയുടെ ഭാരം 6 കിലോയാണ് വർദ്ധിച്ചത്. ഇതിന് പുറമേ കാലുകളിൽ സ്ട്രെച്ച് മാർക്കുകളും പ്രത്യക്ഷപ്പെട്ടു. 

B-LIAN-S HERBAL CREAM എന്ന പേരിലുള്ള ഉല്‍പ്പന്നത്തില്‍ ശക്തമായ സ്റ്റിറോയിഡായ ക്ലോബെറ്റാസോളും ആന്റിഫംഗൽ മരുന്നായ മൈക്കോനാസോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഹെൽത്ത് സയൻസസ് അതോറിറ്റി (HSA) പറഞ്ഞു. ഫേസ്ബുക്കിൽ പരസ്യം കണ്ട 12കാരന്‍റെ അമ്മയാണ് മെസഞ്ചർ വഴി മലേഷ്യ ആസ്ഥാനമായുള്ള  വിൽപ്പനക്കാരനിൽ നിന്ന് ഓർഡർ ചെയ്ത് സാധനം വാങ്ങിയത്.  ആൺകുട്ടി രണ്ട് മാസത്തേക്ക് പതിവായി ക്രീം പുരട്ടിക്കൊണ്ടിരുന്നു.

സോറിയാസിസ്, എക്സിമ,  ചർമ്മത്തിലെ ചൊറിച്ചില്‍ എന്നിവയുൾപ്പെടെയുള്ള രോഗങ്ങള്‍ക്കാണ് ഈ ഉൽപ്പന്നം ഉപയോഗിച്ചിരുന്നത്. എച്ച്എസ്എയുടെ അന്വേഷണത്തിൽ ഉല്‍പ്പന്നം വിറ്റയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു പ്രാദേശിക ഷോപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് മലേഷ്യന്‍ സര്‍ക്കാരിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

60കാരിയായ സ്ത്രീ 10 ദിവസം ഒരു മരുന്ന് (Xue Ya Gao Zhong Feng Qing Cao Yao Cao) കഴിച്ചതോടെ, കുഷിംഗ്സ് സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ കണ്ടു. അമിതമായ കോർട്ടിസോൾ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണിത്. 

മലേഷ്യയിലെ ബെന്റോങ്ങിലെ ഒരു മാർക്കറ്റിൽ നിന്നാണ് അവർ ആ ഉൽപ്പന്നം വാങ്ങിയത്. കാൽമുട്ട്, പുറം വേദന എന്നിവയ്ക്കും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുമായി അവർ ഇത് കഴിക്കുകയായിരുന്നു. ആരോഗ്യ പ്രശ്നം കണ്ടതോടെ ഫാർമസിസ്റ്റായ ഒരു കുടുംബ സുഹൃത്ത് ഉൽപ്പന്നത്തിൽ മായം ചേർത്തിട്ടുണ്ടെന്ന് സംശയിക്കുകയും എച്ച്എസ്എയെ അറിയിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തുകയും ചെയ്തതോടെ ആ സ്ത്രീ സുഖം പ്രാപിച്ചു. 

അതിൽ ഡെക്സമെതസോൺ എന്ന ശക്തമായ സ്റ്റിറോയിഡ് അടങ്ങിയിട്ടുണ്ടെന്നാണ് എച്ച്എസ്എ കണ്ടെത്തിയത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായിി "സി-നൈൻ ഡയറ്ററി സപ്ലിമെന്റ് പ്രോഡക്റ്റ്" കഴിച്ചതിനുശേഷം ഒരു സ്ത്രീക്ക് ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ച്ഛര്‍ദി, നിരന്തരമായ ദാഹം, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടു. നിരോധിത ഭാരം കുറയ്ക്കുന്ന പദാർത്ഥമായ സിബുട്രാമൈനും അപ്രഖ്യാപിത ലാക്‌സറ്റീവ് സെനോസൈഡുകളും അതിൽ അടങ്ങിയിട്ടുണ്ടെന്നാണ് എച്ച്എസ്എയുടെ കണ്ടെത്തല്‍. 

ENGLISH SUMMARY:

B-LIAN'S HERBAL CREAM and other unauthorized products have caused serious health issues for three individuals, including a 12-year-old boy, due to prohibited medicinal ingredients. These products, marketed with false claims, highlight the dangers of using unregulated treatments for skin conditions and weight loss.