Ai Generated Image

സഹിക്കാനാകാത്ത വയറുവേദന, മാനസിക പിരിമുറുക്കം, വിടാതെ പിന്തുടരുന്ന തളര്‍ച്ച ഇതെല്ലാം ആര്‍ത്തവ ദിനങ്ങളോടനുബന്ധിച്ച് സ്ത്രീകളില്‍ കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങളാണ്. ആര്‍ത്തവം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ്, ഗര്‍ഭപാത്രത്തിന്‍റെ ഉളളിലെ പാളിയായ എന്‍ഡോമെട്രിയത്തിലെ കോശങ്ങൾ നശിക്കുകയും പ്രോസ്റ്റാഗ്ലാന്റിനുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ ഹോർമോൺ സമാനമായ സംയുക്തങ്ങൾ ഗർഭപാത്രത്തിലെ പേശികളോട് ശക്തമായി ചുരുങ്ങാൻ ആവശ്യപ്പെടുന്നു. ഈ ചുരുങ്ങലുകളിലൂടെയാണ് രക്തവും കലകളും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത്. ഈ പ്രക്രിയയോടനുബന്ധിച്ചാണ് വയറുവേദനയടക്കം പല ശാരീരിക മാനസിക ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ എല്ലാ വയറുവേദനയെയും ആര്‍ത്തവ വേദനയായി കാണരുത്. അസഹനീയമായ വയറുവേദന ചിലപ്പോള്‍ മറ്റ് സങ്കീര്‍ണതകളെയും സൂചിപ്പിക്കുന്നതായിരിക്കും.

സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് അനുഭവപ്പെടുന്ന അസഹനീയമായ വേദന 'എൻഡോമെട്രിയോസിസ്' എന്ന രോഗത്തിന്‍റെ സൂചനയായും കാണപ്പെട്ടേക്കാം. ഗർഭപാത്രത്തിന്‍റെ ഉള്ളിലെ പാളിയോട് (എന്റോമെട്രിയം) സാമ്യമുള്ള കോശകലകൾ ഗർഭപാത്രത്തിന് പുറത്ത് വളരാൻ തുടങ്ങുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ് (Endometriosis). അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, ഗർഭപാത്രത്തിന്റെ പുറംഭാഗം, പെൽവിസ് അഥവാ ഇടുപ്പ് ഭാഗത്തുള്ള മറ്റ് അവയവങ്ങൾ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. സ്ഥാനം തെറ്റി വളരുന്ന ഈ കോശകലകള്‍ ഓരോ ആർത്തവചക്രത്തിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളോട് ഗർഭപാത്രത്തിന്‍റെ ഉള്ളിലെ പാളിയെപ്പോലെ തന്നെ പ്രതികരിക്കുന്നു. അതായത് ഇവ ഓരോ മാസത്തിലും കട്ടികൂടുകയും പിന്നീട് നശിച്ച് രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്നു.

ഈ രക്തത്തിന് ശരീരത്തിൽ നിന്ന് പുറത്തുപോകാൻ വഴിയില്ലാത്തതിനാൽ ഇടുപ്പ് ഭാഗത്തിനുള്ളിൽ തന്നെ തങ്ങിനിൽക്കുകയും, ഇത് കഠിനമായ ആന്തരിക വീക്കം, അസഹ്യമായ വേദന എന്നിവയ്ക്കെല്ലാം കാരണമാകും. വിട്ടുമാറാത്ത ഇടുപ്പുവേദന, കഠിനമായ ആർത്തവവേദന, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, വന്ധ്യത എന്നിങ്ങനെ വിവിധ ലക്ഷണങ്ങളും ഇത് മൂലം അനുഭവപ്പെട്ടേക്കാം. ഇത് ചികിത്സയിലൂടെ നമുക്ക് ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാല്‍ സമയത്തിന് ചികിത്സ എടുത്തില്ലെങ്കില്‍ അത് അപകടവുമാണ്. ഇടുപ്പ് ഭാഗത്തെ പരിശോധനകൾ, അൾട്രാസൗണ്ട്, എം.ആർ.ഐ, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ എന്നിവയെല്ലാം രോഗനിർണയത്തിന് സഹായകമാണ്. അതേസമയം രോഗാവസ്ഥയുടെ തീവ്രത അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെട്ടേക്കാം.

ആര്‍ത്തവ വേദന

സാധാരണയായി അടിവയറ്റിലാണ് വേദന അനുഭവപ്പെടാറ്. ഇടുപ്പിലേക്കും നടുവിന്‍റെ ഭാഗത്തേക്കും തുടകളിലേക്കും വേദന ഇറങ്ങാറുണ്ട്. ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയേക്കാം. വയറുവേദന, വീര്‍പ്പുമുട്ടല്‍, അസ്വസ്ഥത, മൂഡ് സ്വിങ്സ് എന്നിവയാണ് സാധാരണ ആര്‍ത്ത ലക്ഷണമായി കാണപ്പെടാറ്. വേദനസംഹാരികള്‍ കഴിച്ചോ ആവശ്യത്തിന് വിശ്രമിച്ചോ വേദനയ്ക്ക് ശമനം കണ്ടെത്താം.

എന്‍ഡോമെട്രിയോസിസ്

ആർത്തവസമയത്ത് മാത്രമല്ല, മാസം മുഴുവൻ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ഇടുപ്പുവേദനയ്ക്ക് എന്‍ഡോമെട്രിയോസിസ് കാരണമായേക്കാം. അസഹനീയമായ വയറുവേദന, തലകറക്കം, ഛര്‍ദി, ദൈനംദിന ജീവിതചര്യകൾ തടസ്സപ്പെടൽ എന്നിവയ്ക്ക് ഇത് കാരണമാകും. കുത്തുന്നതുപോലുളള വയറുവേദനയാണ് എന്‍ഡോമെട്രിയോസിസിന്‍റെ പ്രത്യേകത. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതുമായ വേദനയായും ഇത് അനുഭവപ്പെട്ടേക്കാം. അമിതമായ ആർത്തവ രക്തസ്രാവം, ഓവുലേഷന്‍ സമയത്തെ വേദന, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയും എന്‍ഡോമെട്രിയോസിസിന്‍റെ ലക്ഷണങ്ങളാണ്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളുമാണ് മറ്റ് ലക്ഷണങ്ങൾ. കൃത്യമായ വൈദ്യപരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാകൂ. 

ENGLISH SUMMARY:

Endometriosis symptoms can manifest as severe abdominal pain during periods, often mistaken for regular menstrual discomfort. Understanding endometriosis is crucial for women's health as it's a condition where tissue similar to the lining of the uterus grows outside it, causing various complications.