ജോലിയുടെ ഭാഗമായി വിളിച്ച ഒരു നമ്പര്‍ മാറി ഫോണ്‍ വിളിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തക നേരിട്ടത് കടുത്ത ദുരനുഭവം. പാലക്കാട് മുണ്ടൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ രമ്യ ജയകുമാര്‍ തനിക്കുണ്ടായ അനുഭവം മനോരമന്യൂസ് ഡോട്ട്കോമുമായി പങ്കുവച്ചു. കോള്‍ ലഭിച്ച യുവാവ് പിന്നീട് തന്നെ നിരന്തരം ശല്യം ചെയ്യുകയും അശ്ലീലഗ്രുപ്പുകളില്‍ ഉള്‍പ്പെടെ ഫോണ്‍ നമ്പര്‍ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് രമ്യ പറയുന്നു. സൈബര്‍ പൊലീസില്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് രമ്യ പറയുന്നു.
രമ്യ നേരിട്ട അനുഭവം
‘ആരോഗ്യ പ്രവര്‍ത്തകയായ എനിക്ക് ഡിഎംഒ ഓഫീസില്‍ നിന്നും പകര്‍ച്ചവ്യാധികളുടെ ഒരു ലിസ്റ്റ് തന്നിരുന്നു, അതില്‍ മുണ്ടൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി വിവരമുണ്ടായിരുന്നു, ഇയാളുടെ പേരും ഫോണ്‍ നമ്പറും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്നു വൈകിട്ട് ആ നമ്പറില്‍ വിളിച്ചപ്പോള്‍ കോള്‍ പോയത് വയനാടുള്ള ഒരു യുവാവിനാണ്. നമ്പര്‍ മാറിപ്പോയെന്ന് ബോധ്യപ്പെട്ടതോടെ അയാളോട് കാര്യം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ അയാള്‍ പിറ്റേന്ന് രാവിലെ വിളിച്ചു. താന്‍ പാലക്കാട് മുണ്ടൂരിലെത്തിയിട്ടുണ്ടെന്നും പനിയാണ്, വിറയലാണ് എന്നെല്ലാം പറഞ്ഞു. പലവട്ടമായപ്പോള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് താക്കീത് ചെയ്തു. അതോടെ ഇയാള്‍ എന്‍റെ ഫോണ്‍ നമ്പര്‍ പല വാട്‍സാപ് ഗ്രൂപ്പുകളിലേക്കയച്ചു.
പുരുഷന്‍മാര്‍ മാത്രമുള്ള അശ്ലീല ഗ്രൂപ്പുകളിലേക്കെല്ലാം ഫോണ്‍ നമ്പര്‍ പോസ്റ്റ് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് അയാള്‍ എന്‍റെ ഫോണിലേക്ക് അയക്കുകയും ചെയ്തു. പിന്നാലെ നിരന്തരം ഫോണ്‍കോളുകളായിരുന്നു. വിദേശത്തുനിന്നുപോലും കോളുകള്‍ വന്നു. ‘കേരള ഗേള്‍ കോള്‍സ് യൂ, നിങ്ങളുടെ ഏതാവശ്യവും സാധിക്കും, ഞാന്‍ വിളിച്ചു, നിങ്ങളും വിളിക്കൂ’ – ഇതാണ് ഫോണ്‍നമ്പറിനൊപ്പം അയാള്‍ വാട്‌സാപ് ഗ്രൂപ്പുകളിലിട്ടത്.
‘പിന്നെ ഫോണിനു സ്വൈര്യമില്ലായിരുന്നു. 10 മിനിറ്റിനിടെ ചുരുങ്ങിയത് 45പേരെയെങ്കിലും ബ്ലോക്ക് ചെയ്തു. ഒടുവില്‍ 17ന്, വെള്ളിയാഴ്ച വൈകിട്ട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ശനിയും ഞായറും ഇവന്‍റെ ശല്യം സഹിക്കാനായില്ല. ഒടുവില്‍ ഫോണ്‍ ഓഫ് ചെയ്തുവച്ചു. ആരോഗ്യപ്രവര്‍ത്തകയായ എനിക്ക് ജോലിയുമായി ബന്ധപ്പെട്ടും നിരവധി കോളുകള്‍ വരാറുണ്ട്. അതൊന്നും എടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.’ – രമ്യ പറഞ്ഞു.
സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുടെ സ്റ്റാറ്റസ് നോക്കുമ്പോള്‍ നടപടിയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടെന്ന് രമ്യ പറഞ്ഞു. കൊല്ലം ഓച്ചിറ സ്വദേശിയാണ് മുപ്പത്തൊന്‍പതുകാരിയായ രമ്യ. രണ്ടു ചെറിയ മക്കളോടൊപ്പം പാലക്കാട് മുട്ടിക്കുളങ്ങരയിലാണ് താമസം. ‘വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നുപോവുകയാണ്. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചു. ഒടുവില്‍ ഫോണ്‍ ഓണ്‍ ചെയ്തു. ഇതിനിടെ സൈബര്‍ സംഘത്തെ വിളിച്ച് പരാതിയുടെ സ്ഥിതി അന്വേഷിച്ചു, അവര്‍ പറഞ്ഞ അടിസ്ഥാനത്തില്‍ ഒന്നുരണ്ടു ഫോണ്‍കോള്‍ എടുത്തു. അവരോട് കാര്യം പറഞ്ഞപ്പോള്‍ അഡ്‍മിന്‍റെ നമ്പര്‍ തന്നു. അഡ്‍മിനെ വിളിച്ച് എന്‍റെ ഫോണ്‍ നമ്പറും വിവരങ്ങളും ഡീലീറ്റ് ചെയ്യിപ്പിച്ചു. എന്നിട്ടും ഓഡിയോ കോളുകള്‍ക്കും വിഡിയോ കോളുകള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ക്കും കുറവുണ്ടായില്ല’
‘വീണ്ടും അവന്‍ വിളിച്ച് ഐഡന്‍റിറ്റി വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടു. അവന്‍ വാട്‌സാപ്പിലൂടെ അവന്‍റെ ആധാറും മറ്റും അയച്ചു തന്നു. താനും അതെല്ലാം അയച്ചുകൊടുക്കണമെന്നായിരിക്കാം ആവശ്യം. ഒരാഴ്ച തനിക്കുണ്ടായ ദുരനുഭവത്തില്‍ മനസിലായത് നമ്മള്‍ കാണുന്ന ലോകമല്ല യഥാര്‍ത്ഥ ലോകം എന്നതാണ്. ഈ വിളിച്ചവരില്‍ ചെറിയ കുട്ടികളും യുവാക്കളുമായിരുന്നു ഭൂരിഭാഗവും. എന്‍റെ നാട്ടുകാരായ കുട്ടികളും വിളിച്ചവരില്‍ ഉണ്ടായിരുന്നുവെന്ന് ബ്ലോക്ക് ചെയ്ത നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. അവരെല്ലാം എന്‍റെ പ്രൊഫൈല്‍ പിക്‌ചര്‍ കണ്ടിട്ടായിരിക്കില്ലേ വിളിച്ചത്? ഞാനെങ്ങനെ എല്ലാവരുടേയും മുഖത്ത് നോക്കും?’ – രമ്യ ചോദിക്കുന്നു. ഈ രീതിയിലാണ് പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നത്. അവന്‍റെ ഭീഷണി ഭയന്ന് ഫോട്ടോയും വിവരങ്ങളും കൊടുത്താല്‍ പിന്നെ എന്തെല്ലാം സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ.
ഇന്നലെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. അതിനുശേഷം കേസിന് ചലനമുണ്ടെന്നാണ് അറിയുന്നത്. അന്വേഷണം ആരംഭിച്ചതായും പ്രതിയെ ലൊക്കേറ്റ് ചെയ്തതായും സൈബര്‍സംഘം പറയുന്നുണ്ട്. പക്ഷേ 24മണിക്കൂറിനകം അറസ്റ്റ് നടത്തേണ്ട കേസില്‍ ഒരാഴ്ചയായിട്ടും നടപടിയുണ്ടായില്ലെന്നത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് രമ്യ പറയുന്നു. ഈ ഒരാഴ്ചയ്ക്കിടെ അവന് ചെയ്യാവുന്ന എല്ലാ വൃത്തികേടുകളും അവന്‍ ചെയ്തുകാണില്ലേയെന്നും ആരോഗ്യപ്രവര്‍ത്തകയായ യുവതി ചോദിക്കുന്നു.