മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനിടെ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും തല്ലിച്ചതച്ച കേസ് അട്ടിമറിക്കാൻ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇടപെട്ടെന്ന് ആരോപണം.
മർദനമേറ്റ എ.ഡി. തോമസ് എം എൽ എ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ നടത്തിയ ഗൂഡാലോചന പ്രത്യേകം അന്വേഷിക്കണമെന്ന് എ.ഡി. തോമസും അജയ് ജ്യൂവൽ കുര്യാക്കോസും ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ പേർ പ്രതികളാകും
കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു എന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു എന്നാണ് മർദ്ദനമേറ്റവർ ആരോപിക്കുന്നത്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന കേസ് റജിസ്റ്റർ ചെയ്യണമെന്ന് എ.ഡി. തോമസും അജയ് ജ്യൂവൽ കുര്യാക്കോസും ആവശ്യപ്പെട്ടു .
മർദ്ദിച്ചത് ഗൺമാൻ അനിൽ കുമാറും സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപും മാത്രമല്ലെന്നും അഞ്ചുപേർ ഉണ്ടെന്നുമാണ് ഇരുവരും മൊഴി നൽകിയത്. പ്രതിഷേധിച്ചവരെ ക്രമവിരുദ്ധമായാണ് തല്ലി ചതച്ചത് എന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേകഅന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രാഥമിക റിപ്പോർട്ട് വൈകാതെ ഡിജിപിക്ക് നൽകും . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾസ്വീകരിക്കും . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ലോക്കൽ പോലീസ് സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ ക്രൂരമർദ്ദനം ഗുരുതര വീഴ്ചയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സംഭവം നടക്കുമ്പോൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ആയിരുന്ന ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയിരുന്നു . ഇതിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ ക്രമം വിട്ടുള്ള ഇടപെടൽ ചൂണ്ടിക്കാട്ടിയിരുന്നു . എന്നിട്ടും തുടർനടപടികൾ മരവിപ്പിച്ചു. കേസ് ഡയറി തിരുത്തി എന്ന ആരോപണവും പ്രത്യേക സംഘം അന്വേഷിക്കും. ഗൺമാൻ അനിൽകുമാർ , സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ മാത്രമാണ് ഇപ്പോൾ പ്രതി പട്ടികയിൽ ഉള്ളത് . എന്നാൽ സുരക്ഷാ സംഘത്തിലെ അഞ്ച് പേർ വാഹനത്തിൽ നിന്ന് ചാടി ഇറങ്ങി പ്രതിഷേധിച്ചവർക്ക് നേരെ ഓടിയടുക്കുന്നതും നാലുപേർ ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. സാക്ഷിമൊഴികൾ പരിശോധിച്ച ശേഷം കൂടുതൽ പേരെ പ്രതിചേർക്കും . കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ പ്രത്യേക സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.