നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. എല്ലാ വിമർശനങ്ങളും നീളുന്നത് പിണറായി വിജയനിലേക്കാണ്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ ആവശ്യപ്പെട്ടു. തോൽവി വിലയിരുത്താൻ ചേർന്ന പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാറിന്റെ ഈ നിലപാട് ഉയർത്തിയത്.
പ്രതിപക്ഷ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും രാജിവച്ച് മാതൃകയാകണമെന്നും ഏരിയാ കമ്മിറ്റി യോഗത്തിൽ ചർച്ചയുണ്ടായി. മുൻപ് പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് ഇറക്കിയ സമയത്ത് സംഘാടക സമിതി ചെയർമാനായിരുന്നു അജയകുമാർ. പിണറായി വിജയന് പുറമെ എം.വി. ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഭരണത്തിൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടി അണികളെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചുവെന്നാണ് പ്രധാന വിമർശനം.
തോൽവിക്ക് കാരണക്കാരൻ താൻ തന്നെയാണെന്ന് പിണറായി പൊതുസമൂഹത്തോട് പറയുന്നതാണ് മാന്യത എന്ന് അംഗങ്ങൾ. പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള തൊഴിലാളികളായി പാർട്ടി സഖാക്കൾ മാറി എന്നും ആക്ഷേപം. കെ.കെ. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് ഈ കാര്യങ്ങൾ ചർച്ച ചെയ്തത്. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരരുതെന്ന ആവശ്യവും ശക്തമാണ്. സിൽവർ ലൈൻ പദ്ധതി, യുഡിഎഫ് സർക്കാർ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്.