തൃശൂര്‍ ആളൂരില്‍ അമ്മയുമായി പിണങ്ങി റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ കുട്ടിക്ക് രക്ഷകരായി കേരള പൊലീസ്. ആളൂർ മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലേക്കാണ് കുട്ടി ഓടിക്കയറിയത്. സംഭവം കണ്ട നാട്ടുകാരിലൊരാള്‍ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായികുന്നു. തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ‘മിന്നല്‍ വേഗത്തിലെ’ ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്.‌

സംഭവം അറിഞ്ഞ ഉടന്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ സനില ഉടൻ തന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലും പെട്രോളിങ് സംഘത്തിനും കൈമാറുകയായിരുന്നു. പിന്നാലെ ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഹരിക്കുട്ടൻ കെ.വി, എസ്.ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്.ഐ ജയകുമാർ.കെ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി അന്വേഷണം ആരംഭിച്ചു. അപകടസാധ്യത കണക്കിലെടുത്ത് റെയിൽവേ അധികൃതരെ ബന്ധപ്പെട്ട പൊലീസ് ഈ സമയം കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകളും ബ്ലോക്ക് ചെയ്തു.

തുടര്‍ന്ന് റെയിൽവേ പാളത്തിലൂടെ നടന്ന് തിരച്ചിൽ നടത്തിയ മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവെ ഗേറ്റിനും മനപ്പടി റെയിൽവെ ഗേറ്റിനും ഇടയില്‍ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കാടിന്റെയും ഇടയിൽനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിനു സമീപത്തുള്ള മരങ്ങൾക്കും കാടിനും ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ അനുനയിപ്പിച്ച് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

നടന്ന സംഭവം കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്. പൊലീസിനെ പ്രശംസിച്ച് നിരവധിപേരാണ് പോസ്റ്റിനടിയില്‍ കമന്‍റുകളുമായി എത്തുന്നത്. ‘ചെറിയ കാരണങ്ങൾ ആകും; എന്തായാലും പൊലീസ് തക്ക സമയത്ത് എത്തിയല്ലോ.. സല്യൂട്ട്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘മികച്ച ഇടപെടലിനു നന്ദി’ എന്നാണ് മറ്റൊരു കമന്‍റ്.

Kerala Police Rescues Child from Railway Track in Thrissur:

The Kerala Police earned widespread praise for their swift action in rescuing a child who ran onto a railway track in Aloor, Thrissur, following a domestic dispute. Upon receiving a tip-off from a local resident, a team led by Inspector Harikkuttan K.V. and SI Manu P. Cherian immediately launched a search operation. To prevent any untoward incident, the police contacted railway authorities and successfully blocked incoming trains on that route. The child was eventually found hiding behind trees near the track between Poovasserykavu and Manappady railway gates. After a gentle intervention, the officers safely returned the child to their family, a feat that has since gone viral on the Kerala Police's official social media handles.