ലോണ്‍ ആപ് ഭീഷണിയെ തുടര്‍ന്ന് എട്ടുദിവസം മുമ്പ് കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിന്റെ ദൃശ്യം പുറത്ത്. കാണാതായ ദിവസം വിഷ്ണു മറ്റൊരാള്‍ക്കൊപ്പം വടകര ടൗണില്‍ക്കൂടി നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് മാഫിയയില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായി കാണാതായ വിഷ്ണു പ്രകാശ് അനുജന് അയച്ച സന്ദേശത്തില്‍ പറയുന്നു. വിഷ്ണു ട്രെയിന്‍ യാത്ര ചെയ്തതായി കണ്ടെത്തിയ പൊലീസ് അന്വേഷണം ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും വ്യാപിപ്പിച്ചു.
Also Read: ലോണ്‍ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിന്റെ വാട്സാപ്പ് സന്ദേശം പുറത്ത്
കാസര്‍കോട് ബേക്കല്‍ പനയായിലാണ് വിഷ്ണുവിന്‍റെ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. സൈബര്‍ പൊലീസിന്‍റെ കൂടി സഹായത്തോടെ വിഷ്ണുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കാസര്‍കോട് വരെ വിഷ്ണു എത്തിയത് ട്രെയിനിലാണെന്നും പൊലീസ് കണ്ടെത്തി. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സിസി ടി വി കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. മംഗലാപുരത്തേക്കും, ബംഗളൂരുവിലേക്കും വിഷ്ണുവിനായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും ബ്ലേഡ് മാഫിയയില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്ന് വിഷ്ണു അനുജന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. 65000 രൂപ വാങ്ങിയത് പലിശയടക്കം ഒരു ലക്ഷത്തിന് മുകളിലായെന്നും സന്ദേശത്തിലുണ്ട്. ലോണ്‍ ആപ്പിലെ കടം തീര്‍ക്കാനാണ് ബ്ലേഡ് മാഫിയയില്‍ നിന്നും പണം കടം വാങ്ങിയത്. രണ്ട് കൂട്ടരുടെയും ഭീഷണി ഉണ്ടായിരുന്നതായും വിഷ്ണു അനുജനോട് പറയുന്നു. ലോണ്‍ആപ്പ് സംഘത്തില്‍ നിന്നും യുവാവിന് ലഭിച്ച ഭീഷണി സന്ദേശം ഉള്‍പ്പടെ കുടുംബം പൊലീസിന് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിലേക്കെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ലോണ്‍ആപ്പ് വഴിയെടുത്ത പതിനായിരം രൂപ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് യുവാവിന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ചിരുന്നു.