ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മത്സ്യവില്പനക്കാരനെ പൊലീസ് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. മത്സ്യം വാങ്ങാനെത്തിയ കുട്ടിയെ വാഹനത്തിൽ കയറ്റിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. വെമ്പായത്ത് വാടകക്ക് താമസിക്കുന്ന തേക്കട സ്വദേശി അൻസീറാണ് (47) വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 16-ാം തീയതി രാവിലെ 7 മണിക്കായിരുന്നു സംഭവം. ഏഴുവയസ്സുകാരി ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു. സ്ഥിരമായി ഈ റൂട്ടിൽ മത്സ്യവില്പന നടത്തുന്ന ആളാണ് അൻസീർ. കുട്ടികളോടെല്ലാം സ്നേഹത്തോടെ പെരുമാറുന്നതുകൊണ്ട് ഇയാളെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു.
മത്സ്യം വാങ്ങിയതോടെ, കുട്ടിയെ വീട്ടിൽ വിടാമെന്ന് അൻസീർ പറഞ്ഞു. തന്റെ ഗുഡ്സ് ഓട്ടോയിൽ ഡ്രൈവർ സീറ്റിന് സമീപം ഏഴുവയസ്സുകാരിയെ ഇരുത്തിക്കൊണ്ടാണ് പോയത്. യാത്രയ്ക്കിടെയാണ് പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പീഡന ശ്രമം തടയാൻ നോക്കിയ പെൺകുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ സംഭവസമയത്ത് സ്ഥലത്തില്ലാതിരുന്നതിനാൽ കുട്ടി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഏഴുവയസ്സുകാരിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.