wife-crime

മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് കരുതിയ യുവാവിന്‍റെ മരണം ആസൂത്രിതമെന്ന് കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയും! മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഗോണ്ടിക്കേഡ ചരൺ ഗ്രാമത്തിൽ നടന്ന കൊലപാതകമാണ് ആസൂത്രിതമായ കുറ്റകൃത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊല്ലപ്പെട്ടയാളുടെ ഭാര്യ തന്നെയായിരുന്നു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വൈകിയാണ് ദേവ്കൃഷ്ണ എന്ന യുവാവ് മരണപ്പെട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നുനാലു പേർ ചേർന്ന് തന്നെയും ഭര്‍ത്താവിനെയും വെവ്വേറെ മുറികളിൽ അടച്ചിട്ട ശേഷം ഭർത്താവിനെ കൊലപ്പെടുത്തി, 3 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 50,000 രൂപയും കവർന്നെടുത്തെന്നാണ് ദേവ്കൃഷ്ണയുടെ ഭാര്യ പ്രിയങ്ക പൊലീസിന് നല്‍കിയ മൊഴി. എന്നാൽ, മോഷ്ടിച്ചതായി പറയപ്പെടുന്ന ആഭരണങ്ങൾ പിന്നീട്  വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെടുത്തത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. പ്രിയങ്കയുടെ മൊഴികളിലെയും പെരുമാറ്റത്തിലെയും പൊരുത്തക്കേടുകളും പൊലീസില്‍ സംശയമുണ്ടാക്കി. ആക്രമണത്തിന്‍റെ സ്വഭാവവും തലയ്ക്കേറ്റ ഗുരുതരമായ പരിക്കും പരാജയപ്പെട്ട കവർച്ചയല്ല, മറിച്ച് മനഃപൂർവമായ പ്രവൃത്തിയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചു. ഫൊറൻസിക് കണ്ടെത്തലുകളും സംഭവസ്ഥലത്തെ മറ്റ് സാഹചര്യ തെളിവുകളും ദേവ്കൃഷ്ണയുടെ ഭാര്യയ്ക്ക് എതിരായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ആസൂത്രണത്തിന്‍റെ ചുരുളഴിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍  പ്രിയങ്ക പുരോഹിത് (27), കാമുകൻ കമലേഷ് (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൃത്യം നടപ്പിലാക്കാൻ കമലേഷ് സുരേന്ദ്ര എന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകിയിരുന്നതായും വീട് കുത്തിത്തുറന്നുള്ള മോഷണമാണെന്ന് തോന്നിപ്പിക്കാൻ ഇവർ തിരക്കഥ തയ്യാറാക്കിയതായും പൊലീസ് കണ്ടെത്തി. സുരേന്ദ്ര നിലവിൽ ഒളിവിലാണ്.

ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രിയങ്ക കുറ്റം സമ്മതിച്ചത്. കമലേഷുമായുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് ഭർത്താവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക വെളിപ്പെടുത്തി. 15-ാം വയസ്സിൽ വിവാഹിതയായ പ്രിയങ്ക, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സ്വന്തം വീട്ടിൽ നിന്ന് തിരിച്ചെത്തിയത്. ഈ സമയത്താണ് കൊലപാതകത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വർഷം, മേഘാലയയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. ഹണിമൂണിനിടെ ഇൻഡോറിൽ നിന്നുള്ള 29 കാരനായ ബിസിനസുകാരനെ ഭാര്യ സോനം രഘുവംശി മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. വിവാഹത്തിന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം മെയ് 23 ന് രാജയെ കൊലപ്പെടുത്താൻ സോനം വാടകക്കൊലയാളികളെ ഏല്‍പ്പിച്ചെന്നായിരുന്നു കേസ്.

Planned Murder Uncovered in Madhya Pradesh:

A planned murder in Madhya Pradesh has been revealed, where the victim's wife was the main perpetrator. Authorities uncovered that the incident was not a robbery attempt gone wrong but a carefully orchestrated plan to eliminate her husband