Image credit: x
വന്ദേമാതരം പാടാന്‍ തയാറാകാതിരുന്ന കൗണ്‍സിലര്‍മാരുടെ നടപടിയെച്ചൊല്ലി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹാളില്‍ വന്‍വാക്കേറ്റം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഫൗസിയ ഷെയ്ഖ് അലീമും റുബിന ഇഖ്ബാലുമാണ് വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചത്. ഇവര്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ദേശീയ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണിതെന്ന് അവര്‍ ആരോപിച്ചു. സഭയ്ക്കുള്ളില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഏത് നിയമത്തിലാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ ചട്ടമോ നിര്‍ദേശമോ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് തോന്നിയതോടെ ചെയര്‍മാന്‍ മുന്നലാല്‍ യാദവ് ഫൗസിയയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ഇവരുടെ മുന്‍തലമുറയുടെ അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ചിട്ടില്ല, പിന്നെയല്ലേ ഇവരുടെ ഭീഷണി...' എന്ന് ഹാളിന് പുറത്തിറങ്ങിയ റുബിന ഇക്ബാല്‍ തുറന്നടിച്ചു. 'ഇസ്‍ലാമിക വിശ്വാസപ്രകാരം വന്ദേമാതരം ചൊല്ലുന്നത് നിഷിദ്ധമാണ്. ‘സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന് പാടാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. പക്ഷേ ‘വന്ദേ മാതരം’ അങ്ങനെയല്ല. വിശ്വാസപ്രകാരം അല്ലാഹുവാണ് ഏകദൈവം. അദ്ദേഹത്തെയല്ലാതെ മറ്റാരെയും വണങ്ങാന്‍ പാടില്ല. ‘വന്ദേ മാതരം’ എന്നാല്‍ അമ്മയെ അല്ലെങ്കില്‍ മാതൃഭൂമിയെ വണങ്ങുന്നു എന്നാണ് അര്‍ഥം. റുബിന ചൂണ്ടിക്കാട്ടി.
ഇന്‍ഡോറില്‍ ചില ബിജെപി നേതാക്കള്‍ മുസ്‍ലിംകളെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ പോലും അനുവദിക്കാറില്ലെന്ന് റുബിന ആരോപിച്ചു. അങ്ങനെ ചെയ്യുന്നവര്‍ ഇറാനില്‍ നിന്നുള്ള ഇന്ധനത്തിന്‍റെ ഇറക്കുമതിയും വേണ്ടെന്ന് വയ്ക്കണമെന്ന് അവര്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും റുബിന പൊട്ടിത്തെറിച്ചു. ‘നഗരസഭയില്‍ ഇതെന്‍റെ മൂന്നാം ഊഴമാണ്. ആദ്യമായാണ് ഒരു ചെയര്‍മാന്‍ ഇത്തരം സാഹചര്യത്തില്‍ മൗനം പാലിക്കുന്നത്. മുസ്‍ലിംകളെ വെറും വോട്ടുബാങ്ക് മാത്രമായാണ് കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസ് ഞങ്ങളെ പുറത്താക്കിയാല്‍ സ്വതന്ത്രരായി മല്‍സരിക്കും. വേണ്ടിവന്നാല്‍ ഒവൈസിയുടെ പാര്‍ട്ടിയിലും ചേരും' - റുബിന മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇരുവര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് ബിജെപി പറഞ്ഞു. 'സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിങും രാജ്ഗുരുവും സുഖ്ദേവുമെല്ലാം വന്ദേമാതരം പാടിയവരാണ്. അസഫുള്ള ഖാന്‍ വന്ദേമാതരം ഉരുവിട്ടാണ് തൂക്കുകയറിലേക്ക് നടന്നടുത്തത്'- ബിജെപി നേതാവ് സുമിത് മിശ്ര പറഞ്ഞു.
കൗണ്‍സിലര്‍മാരുടെ പ്രസ്താവന കോണ്‍ഗ്രസിലും കടുത്ത ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. 'ദേശീയ താല്‍പര്യം നിറവേറ്റാന്‍ പറ്റാത്തവരും വന്ദേമാതരം പാടാന്‍ പറ്റാത്തവരും പോയി തുലയട്ടെ’ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് കെ.െക.മിശ്രയുടെ പ്രതികരണം. ഇത്തരം അപക്വമായ പ്രതികരണങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളെയും സൈനികരെയും രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയവരെയും അപമാനിക്കുന്നതാണെന്നും കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് ചിന്റു ചോക്സിയും വിവാദത്തില്‍ നിന്ന് അകലം പാലിച്ചു.