boat

മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലുണ്ടായ ക്രൂസ് ബോട്ട് അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അപകട സമയത്തെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ലൈഫ് ജാക്കറ്റില്ലാതെ യാത്രക്കാർ ഇരിക്കുന്നതും ബോട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയ ശേഷം യാത്രക്കാർക്ക് ജീവനക്കാർ ജാക്കറ്റ് നൽകുന്നതും പ്രചരിക്കുന്ന വിഡിയോകളിൽ കാണാം. തുടർന്ന് ആളുകൾ നിലവിളിക്കുന്നതും ബോട്ടിനുള്ളിൽ വെള്ളം നിറയുന്നതും വിഡോയിലുണ്ട്. 

അതേസമയം ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് ജബൽപൂർ ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മകനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിന്‍റെ ഇരകളുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ച നിലയിൽ യുവതിയുടെയും നാലുവയസുകാരൻ മകന്റെയും മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഫോട്ടോ പ്രചരിച്ചത്. ആ അമ്മയെയും മകനെയും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ബോട്ടിന്‍റെ ഇടതുവശത്ത് മകനെ ചേർത്തുപിടിച്ചിരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. 

ജബൽപൂർ ബർഗി ഡാമിലായിരുന്നു ദാരുണമായ സംഭവം. ബോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജലത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ കയറുന്നതിനു മുൻപ് എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നൽകുകയും അത് യാത്രക്കാർ ശരിയായ രീതിയിൽ ധരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാൽ ഈ അടിസ്ഥാന നിയമം പോലും ലംഘിച്ചിരുന്നെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

40ലേറെ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ട ക്രൂസിലുണ്ടായിരുന്നത്. എന്നാൽ ടിക്കറ്റ് നൽകിയത് വെറും 29 യാത്രക്കാർക്കും. സ്ഥലത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നിട്ടും അമിതമായി ആളുകളെ കയറ്റിയ ബോട്ടിന് ഡാമിൽ പ്രവേശിക്കാൻ അനുമതി നൽകിയതും സുരക്ഷാലംഘനങ്ങളുടെ കൂട്ടത്തിൽ പെടുന്നു. ഇതുവരെ 9 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 3 കുട്ടികളടക്കം നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

Jabalpur boat accident visuals have emerged, showing passengers without life jackets during the incident. The circulating videos reveal that life jackets were distributed only after water started entering the boat, causing panic and distress among the passengers.