triplets-mp

TOPICS COVERED

മധ്യപ്രദേശ് സത്നയില്‍ 34കാരിയായ യുവതി അഞ്ചാമത്തെ പ്രസവത്തില്‍ മുന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ഇരട്ടകള്‍ തന്നെ കൗതുമായി നിലനില്‍ക്കുമ്പോള്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഒരുമിച്ചുണ്ടാകുന്നത് വാര്‍ത്ത തന്നെയാണ്. കഴിഞ്ഞ ദിവസമാണ് പ്രസവാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുവതിയെ പന്ന ജില്ലയിലെ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്നും പ്രസവം ശ്രമകരമാണ് എന്നുംപറഞ്ഞ് ഇവരെ സത്നയിലെ സ്വകാര്യ ആശുപത്രിയിലേക്കയച്ചു. അവിടെ വച്ച് 90 മിനിറ്റുകളുടെ വ്യത്യാസത്തില്‍ യുവതി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി.

എന്നാല്‍ മൂന്ന് കുഞ്ഞുങ്ങളുടെ ജനനം വാര്‍ത്തയായതോടെ ആശംസകളെക്കാള്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. യുവതിക്ക് ഈ പ്രസവത്തിന് മുന്‍പ് തന്നെ നാല് കുട്ടികളുണ്ടായിരുന്നു. 11, 9, 7, 5 വയസുള്ള കുട്ടികളുണ്ടായിട്ടും ഒരു കുടുംബാസൂത്രണ രീതി എന്തേ അവലംബിച്ചില്ല എന്നതായിരുന്നു വിമര്‍ശനത്തിന് കാരണം. ജനസംഖ്യാനുപാതത്തിന് ലോക്സഭാ മണ്ഡലങ്ങള്‍ പുനക്രമീകരിക്കുന്ന വിഷയവും കുഞ്ഞുങ്ങളുടെ ജനനവാര്‍ത്തയില്‍ ചര്‍ച്ചയായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കി വരുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഇത്തരം സംഭവങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത് എന്നതടക്കം വിഷയമായി. രാജ്യത്തെ, ജനസംഖ്യാ വര്‍ധനവ് പിടിച്ചുകുലുക്കുമ്പോഴും വലിയൊരു ശതമാനം ആളുകള്‍ പെറ്റുപെരുകുന്ന തിരക്കിലാണെന്നടക്കം പല കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.

രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനുമാണ് യുവതി ജന്‍മം നല്‍കിയത്. രണ്ട് മുതല്‍ രണ്ടര കിലോ വരേയാണ് ഒരോ കുഞ്ഞിനും ഭാരം. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞുങ്ങളെ കാണാന്‍ കുടുംബം മൊത്തം ആശുപത്രിയിലെത്തുന്നതും എല്ലാവര്‍ക്കും മധുരം വിതരണം ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ENGLISH SUMMARY:

Madhya Pradesh triplets birth is making headlines after a woman in Satna delivered three babies in her fifth pregnancy. This unusual birth has sparked discussions on family planning and population growth in India.