dr-reena-interview

TOPICS COVERED

പ്രസവം ഈസി ആന്‍ഡ് കൂളാണോ? ഒന്നു വിചാരിച്ചാല്‍ സുഖമായി പ്രസവിച്ചിട്ട് വന്ന് അരി ഇടിക്കാനാവുമോ? പ്രസവത്തില്‍ സങ്കീര്‍ണതകളില്ലേ? പ്രസവശേഷം എന്താണ് സ്ത്രീയുടെ ശരീരത്തില്‍ സംഭവിക്കുന്നത്? ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് എന്‍.ആര്‍.റീന മനോരമ ന്യൂസിനോട് സംസാരിക്കുന്നു.

പ്രസവം ഈസിയല്ല

പ്രസവം ഒരു ശാരീരിക പ്രക്രിയ ആണ്. ഈ സമയത്ത് ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവാം. ഓരോ പ്രസവത്തിനും അതിന്‍റേതായ സങ്കീര്‍ണതകളുണ്ട്. എത്ര വൈദഗ്ദ്യമുള്ള ഡോക്ടറാണെങ്കിലും എത്ര സജ്ജീകരണങ്ങളുണ്ടെങ്കിലും എന്താണ് വരാന്‍ പോകുന്നതെന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് വേണ്ട ചികില്‍സ കൊടുക്കാനുള്ള മുന്‍കരുതലുണ്ടാവും. ഇതൊരു നിസാരകാര്യമല്ല. 

pregnant-woman-medicine

പ്രസവവേദന അനുഭവിക്കാത്ത ഒരു മനുഷ്യനും അത് പറഞ്ഞുമനസിലാക്കി കൊടുക്കാന്‍ പറ്റില്ല. പല എല്ലുകള്‍ ഒരേസമയം പൊട്ടുന്ന വേദനയാണ് പ്രസവവേദന. അത് ആസ്വദിക്കാന്‍ പറ്റുന്ന പ്രവര്‍ത്തി എന്ന് ഒരു കാരണവശാലും പറയാന്‍ പറ്റില്ല. ഇത്ര വലിയ വേദന കഴിഞ്ഞ് വലിയൊരു സന്തോഷമാണ് അമ്മയ്ക്ക് കിട്ടുന്നത്. അതുകൊണ്ട് പിന്നീടാരും ഈ വേദനയെ പറ്റി പറയില്ലായിരിക്കും. പക്ഷേ ആ വേദന എന്‍ജോയ് ചെയ്യാന്‍ പറ്റി എന്ന് ആരും പറയില്ല. 

പ്രസവിച്ചതിന് ശേഷം അരി ഇടിക്കാമോ?

ഒരിക്കലും സാധ്യമല്ല. കാരണം പ്രസവത്തിന് മുന്‍പ് പെല്‍വിക് ബോണ്‍ അഥവാ ഇടുപ്പെല്ല് റിലാക്സ് ചെയ്യാനുള്ള ഹോര്‍മോണുകള്‍ ശരീരത്തിലുണ്ടാവും. സന്ധികള്‍ വികസിക്കുന്നതിനുവേണ്ടിയാണിത്. പ്രസവം കഴിഞ്ഞാലും ഈ ഹോര്‍മോണുകള്‍ ശരീരത്തിലുണ്ടാവും. ഇടുപ്പെല്ലിന്‍റെ സന്ധിയില്‍ മാത്രമല്ല, ശരീരത്തിലെ എല്ലാം സന്ധിയിലും ഈ ഹോര്‍മോണിന്‍റെ പ്രവര്‍ത്തന ഫലമായിട്ട് ഒരു അയവ് ഉണ്ടാവും. ഇങ്ങനെ അയയുന്ന സന്ധികള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതിന് കുറഞ്ഞത് ആറാഴ്ച എടുക്കും. അതുകൊണ്ട് നന്നായി വിശ്രമിക്കണം. 

pregnant

ഒരേ കിടപ്പ് കിടക്കണമെന്ന് പറയില്ല. എന്നാലും അത്യധ്വാനമുള്ള ജോലികളോ സന്ധികളെ ബാധിക്കുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ പാടില്ല. ആ ആറാഴ്ചയില്‍ അരി ഇടിക്കാനും പറ്റില്ല. ചിലപ്പോള്‍ പല ജോലികളും ചെയ്തുകൊണ്ടിരിക്കുമ്പോഴാവും സ്ത്രീകള്‍ക്ക് പ്രസവവേദന വരുന്നത്. ആ സമയത്ത് പ്രസവം നടക്കാം. അതിന് ശേഷം അവര്‍ക്ക് ക്ഷീണമുണ്ടാവും. അതിനുവേണ്ട വിശ്രമം എടുക്കണം. 

ഇന്ന് എന്തുകൊണ്ട് പത്ത് പിള്ളേരെ പ്രസവിക്കുന്നില്ല

താജ്മഹലിന്‍റെ കഥ നമുക്കറിയാം. പക്ഷേ മുംതാസ് മരിക്കുന്നത് ഒന്‍പതാമത്തെ പ്രസവത്തിലാണ്. മുംതാസിന് വേണ്ടി താജ്മഹല്‍ പണിതു എന്ന ഉദാത്തമായ വശമേ നമുക്ക് അറിയൂ. അതിനുമുന്‍പ് ഏഴെട്ട് പ്രസവിച്ചുവെന്നും പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തിലാണ് മരിച്ചതെന്നും എത്ര പേര്‍ക്കറിയാം. രണ്ടായിരം കാലഘട്ടത്തില്‍ കേരളത്തില്‍ ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ 60തോ 70തോ മാതൃമരണങ്ങള്‍ ഉണ്ടാകുമായിരുന്നു. അത് കുറഞ്ഞ് ഇന്ന് 20മുതല്‍ 30വരെ ആയിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ നോക്കിയാല്‍ അത് 180 വരെ വരും. 25 വര്‍ഷം മുന്നേയുള്ളതില്‍ നിന്നും മൂന്നിലൊന്ന് നിരക്കിലേക്ക് മാതൃമരണ നിരക്ക് കുറഞ്ഞിട്ടുണ്ട്.

pregnant-01

പണ്ട് പത്ത് പ്രസവിച്ച 100 അമ്മമാരില്‍ പകുതി മാത്രമായിരിക്കും അതിജീവിച്ചിട്ടുണ്ടാവുക. അന്ന് മരണപ്പെട്ട അമ്മമാരുടെ കണക്ക് കഥകളില്ല. അന്നത്തെ അമ്മമാരുടെ ആയുസ് എത്രയാണെന്ന് കൃത്യമായി അറിയില്ല. ജീവിച്ചിരുന്ന അമ്മമാരുടേയും പത്ത് മക്കളുടേയും കഥകള്‍ മാത്രമാണ് നമ്മളിലേക്ക് എത്തുന്നത്. അന്നത്തെ കണക്കുകള്‍ കൃത്യമായി ലഭിച്ചാലേ ഇന്നത്തെ രീതിയുമായി സാമ്യപ്പെടുത്താന്‍ പറ്റൂ. ഇന്ന് കണക്കുകളുണ്ട്. ആ കണക്കുകളില്‍ വളരെ വ്യക്തമായ രീതിയില്‍ മാതൃമരണനിരക്ക് കുറഞ്ഞുവരുന്നുണ്ട്. പഴയ കാലത്ത് നിന്നും ആയുര്‍ദൈര്‍ഘ്യം കൂടുന്നുണ്ട്. ശാസ്ത്രീയമായ ഇടപെടലുകളിലൂടെയാണ് ഈ മാറ്റം വരുത്താന്‍ കഴിഞ്ഞത്. 

ENGLISH SUMMARY:

This article features Dr. N.R. Reena, a gynecologist at Government Victoria Hospital, debunking the romanticized or oversimplified myths surrounding childbirth. She emphasizes that labor is a complex, high-risk physical process involving immense pain and physiological changes that require at least six weeks of recovery. By highlighting historical maternal mortality rates—such as the death of Mumtaz Mahal—the doctor underscores that modern medical science has significantly improved safety, though the process remains far from "easy."