ambulance-action

TOPICS COVERED

മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ പരുക്കേറ്റ രോഗിയുടെ ഭാര്യ 108 ആംബുലൻസ് വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.സോഷ്യല്‍മീഡിയയിലൂടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

കരേലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ രാഹുല്‍ ബര്‍മനെ എത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് യുവതിയോട് വാഹനം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയുടെ രക്തം ആംബുലന്‍സിന് ഉള്‍ഭാഗത്തുണ്ടായിരുന്നതായും ഇതിനെത്തുടര്‍ന്ന് ഭാര്യ പ്രമീള ബര്‍മനോട് ആംബുലന്‍സിന്റെ അകവും പുറവും വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇഎംടി മോഹിത് ഖാതിക് ആണ് പ്രമീള ബർമനെക്കൊണ്ട് വാഹനം വൃത്തിയാക്കിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ജില്ലാ കലക്ടർ ആശിഷ് തിവാരിയുടെ ഉത്തരവിനെത്തുടർന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത് ഓഫീസർ രാജ് സിങ് താക്കൂർ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തി. ആംബുലൻസ് ഡ്രൈവർ ദേവ സാഹു, ഇഎംടി മോഹിത് ഖാതിക് എന്നിവര്‍ക്കെതിരെ ‘JAES പ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് നടപടിയെടുത്തത്.

ഇരുവരുടെയും നടപടി ഔദ്യോഗിക പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ കർശന നടപടിയെന്നും അധികൃതർ അറിയിച്ചു.

Woman Forced to Clean Ambulance in Madhya Pradesh:

Malayala Manorama Online News reports on a disturbing incident in Madhya Pradesh's Katni district where a patient's wife was made to clean an ambulance. This act, which went viral on social media, led to the suspension of the ambulance driver and emergency medical technician involved.