വനിതാ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ടീം ലീഡ് അടക്കം ആറുപേര്‍ പീഡനക്കേസില്‍ പിടിയിലായി . മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടെ വനിതാ ജീവനക്കാര്‍ പീഡിപ്പിക്കപ്പെടുന്നതായി പോലീസ് അറിയിച്ചു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒന്‍പത് കേസുകളാണ് പ്രതികള്‍ക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളിലൊരാൾ വിവാഹവാഗ്ദാനം നൽകി ഒരു ജീവനക്കാരിയെ നിരന്തരം ശാരീരികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. മറ്റൊരു ജീവനക്കാരിയെ പ്രതികൾ മോശമായ രീതിയിൽ സ്പർശിക്കുകയും അവരുടെ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. പീഡനവിവരങ്ങൾ കമ്പനിയുടെ മേധാവിയെ വാക്കാൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെ. മാത്രമല്ല പ്രതികളെ സഹായിക്കുന്ന നിലപാടാണ് കമ്പനി മേധാവി സ്വീകരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ജീനക്കാരിയുടെ ശരീരത്തെ കുറിച്ച് ഇവരില്‍ ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി. കൂടാതെ ഒരു പുരുഷ ജീവനക്കാരനെക്കൊണ്ട് നിർബന്ധിതമായി നിസ്കരിപ്പിക്കുകയും അയാളുടെ മതത്തെ അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്. അറസ്റ്റിലായവരില്‍ അഞ്ച് പ്രതികളെയും കോടതിയിൽ ഹാജരാക്കി ഏപ്രിൽ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളിലൊരാള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോലീസ് കമ്മീഷണർ സന്ദീപ് കർണിക്കിന്‍റെ നിർദ്ദേശപ്രകാരം എസിപി (ക്രൈം) സന്ദീപ് മിത്രെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) കേസ് അന്വേഷിക്കും.