ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കടയുടമ ഏഴുവയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ടു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കട ഉടമ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡീപ് ഫ്രീസർ തുറന്ന് ആസാദ് ഏഴുവയസുകാരനെ ചോദ്യം ചെയ്യുന്നതും വീണ്ടും പൂട്ടിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് പൂട്ടിയിട്ടതെന്നാണ് യുവാവിന്റെ വിചിത്രമായ മൊഴി. കുട്ടി നിലവിളിച്ചിട്ടും അവനെ തുറന്ന് വിടാന്‍ ആസാദ് തയ്യാറായില്ല. പേടിച്ച് വിറച്ചിരുന്ന കുട്ടിയെ നാട്ടുകാർ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.
കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. "നീ വീണ്ടും മോഷ്ടിക്കുമോ?, മോഷ്ടിച്ചിട്ടില്ലെന്ന് നീ പറഞ്ഞത് നുണയല്ലേ. നിന്റെ പേരെന്താണ്?" എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് ആസാദ് കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. കരയുന്ന കുട്ടിയെ ആസാദ് ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോയിൽ, പ്രതി കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് അറുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേൾക്കാം. ഭയന്ന കുട്ടി കുറ്റം നിഷേധിക്കുന്നതും മോഷ്ടിച്ചില്ലെന്ന് വാദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവും രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്തതായും കേസിൽ കർശന നിയമനടപടി സ്വീകരിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.