Untitled design - 1

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടിയെ ജിമ്മില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കുത്തിയ യുവാവ് ജിമ്മില്‍ വെച്ച് തന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്ളാമൂട്ടുകടയ്ക്ക് സമീപമുള്ള ജിമ്മിലെ ട്രെയിനറായ കാവ്യക്ക് നേരെയാണ് ആക്രമണം. രാവിലെ ഒമ്പതരയോടെ ജിമ്മിലേക്കെത്തിയ പാറശാല സ്വദേശി അശ്വന്ത് കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

ഫിറ്റ്നസ് സെന്ററിൽ ആദ്യ ഷിഫ്റ്റിലുണ്ടായിരുന്നവരെല്ലാം പോയപ്പോൾ ഭക്ഷണം കഴിക്കാനാണ് പരിശീലകയായ കാവ്യ എസ്.കൃഷ്ണൻ പുറത്തേക്കിറങ്ങിയത്. ഈ സമയം അശ്വന്ത് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞില്ല. തലയിലാണ് കൂടുതൽ കുത്തേറ്റത്. പട്ടാപ്പകൽ നടന്ന സംഭവമായിട്ടും ആരും ഇയാളെ തടയാൻ ശ്രമിച്ചില്ല.

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാവ്യയെയും അരികിൽ അവശനായി അശ്വന്തിനെയുമാണ് കണ്ടത്. താൻ എലിവിഷം കഴിച്ചെന്ന് അശ്വന്ത് പറഞ്ഞു. സമീപത്തായി എലിവിഷത്തിന്റെ കവറും ഉണ്ടായിരുന്നു. തുടർന്ന് ആംബുലൻസിൽ കാവ്യയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് വാഹനത്തിൽ അശ്വന്തിനെ ആദ്യം പാറശാല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കുത്തിയത് അശ്വന്താണെന്നും പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമായതെന്നും കാവ്യ പൊലീസിനു മൊഴി നൽകി.

 

പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധത്താലാണു യുവാവ് അക്രമം നടത്തിയതെന്നു പാറശാല പൊലീസ് അറിയിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. പൊലീസ് കേസെടുത്തു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. കാരോട് പഞ്ചായത്തിലെ പ്ലാമൂട്ടുക്കടയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. 

ENGLISH SUMMARY:

Parassala gym attack involved a youth stabbing a female trainer, Kavya S. Krishna, reportedly after her love proposal was rejected. The attacker, Ashwanth, then consumed rat poison in an attempt to commit suicide and both were hospitalized.