കൊച്ചി കടവന്ത്രയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെ ഡോക്ടറും അഭിഭാഷകനും അടക്കം 8 പേര്‍ പിടിയില്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളടക്കം എട്ടുപേര്‍ പിടിയിലായത്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ് , അഭിഭാഷകനായ രോഹിത് നായര്‍, കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി ,ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍ , കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷന്‍ വിദ്യാര്‍ഥിനിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും ,കൊക്കയ്നും, മെത്താഫിറ്റമിനും പിടികൂടി.
5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഈവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കു മരുന്നുകൾ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്.
കടവന്ത്ര എസ്എച്ച്ഒ ആര്‍. ബിജു, സബ് ഇൻസ്‌പെക്ടർ പി.ആര്‍ രാജീവ് , എഎസ്ഐ: രാജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജാമ്യം ലഭിക്കുന്ന അളവിലായിരുന്നു ലഹരിമരുന്ന് ഉള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.