മാധ്യമങ്ങൾ പലവട്ടം ചോദിച്ചിട്ടും എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച ശേഷം വേണ്ടന്ന സമീപനം എടുത്തയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്ഡിപിഐ പിന്തുണയിൽ ഭരണം ലഭിച്ച തദ്ദേശ സ്ഥാപന പദവികളിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ രാജിവക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടാണ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്

 

Also Read: ‘എസ്ഡിപിഐയെപ്പറ്റി ഞാനാണോ പറയേണ്ടത്; അവരോട് പോയി ചോദിക്കണം’; ക്ഷോഭിച്ച് മുഖ്യമന്ത്രി


അതേസമയം, എസ്ഡിപിഐ – എൽഡിഎഫ് ബന്ധം ചോദിച്ച മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായി . മലപ്പുറം തിരൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരുടെ അരികിലെത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ രോഷം പ്രകടിപ്പിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാതെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.  ബേബിയും ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് സിപിഎം– എസ്‍ഡിപിഐ ധാരണയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താതെയും പിൻവലിച്ചും എസ്ഡിപിഐ ഇടതുപക്ഷത്തെ സഹായിക്കുന്നുവെന്ന ചോദ്യങ്ങളോട് ആദ്യം മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പിന്നാലെ എസ്ഡിപിഐയോടു പോയി ചോദിക്കണമെന്നായി മറുപടി. പലഭാഗത്തുനിന്നും ചോദ്യങ്ങൾ ആവർത്തിച്ചതോടെ രോഷപ്രകടനമായി. എല്ലാ വർഗീയതയോടും സിപിഎമ്മിന് ഒരേ നിലപാടാണെന്ന് ആവർത്തിച്ചു. പക്ഷെ എസ്ഡിപിയുടെ പിന്തുണയെ കുറിച്ച് മാത്രം മിണ്ടിയില്ല.

 

വാർത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ അടുത്ത് വന്നും രോഷപ്രകടനം നടത്തി. ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അൻവറിനെ കുറിച്ച് ചോദിച്ചപ്പോൾ നാവിന് എല്ലില്ലാത്ത അൻവറിന്റെ നാവായി മാറരുതെന്നായിരുന്നു മറുപടി. പിന്തുണ പ്രഖ്യാപിച്ചാല്‍ ബൂത്തില്‍ വോട്ട് ചെയ്യാൻ പാടില്ലെന്ന് പറയാനാവില്ലെന്നായിരുന്നു എം.എ. ബേബിയുടെ പ്രതികരണം. എസ്ഡിപിഐയുമായി ഉണ്ടാക്കിയ സഖ്യത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് പിഡിപിയുമായും പരസ്യമായ സഖ്യമുണ്ടെന്നും ചെന്നിത്തര ആരോപിച്ചു. 

 

നിയമസഭാ തിരഞ്ഞെടുപ്പിന് 10 ദിവസം ബാക്കി നിൽക്കുമ്പോഴും ആർഎസ്എസ്- എസ്ഡിപിഐ ബാന്ധവത്തെ ചുറ്റിപ്പറ്റിയാണ് പ്രധാന ചർച്ചകളെല്ലാം.

ENGLISH SUMMARY: