ക്രിസ്‌മസ്-പുതുവല്‍സര ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അവകാശവാദം. 20 കോടി രൂപയുടെ ഒന്നാം സമ്മാനം തനിക്ക് അടിച്ചെന്ന് പിറവം സ്വദേശി കെ.കെ. സജിമോൻ. ടിക്കറ്റ് താൻ മറ്റൊരാൾക്ക് അയച്ച കുറിയറിൽ അകപ്പെട്ടന്നുമാണ് സജിമോന്റെ വാദം. സമ്മാനര്‍ഹമായ എക്സ് സി 138455 എന്ന നമ്പർ നഷ്ടപ്പെട്ടതായി കാണിച്ച് റിട്ട. എഎസ്ഐ കൂടിയായ കെ കെ സജിമോൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
സജി മോന്‍ പറയുന്നത്: 30ാം തിയതി ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോയി മടങ്ങി വന്നപ്പോള്‍ തന്റെ വാഹനത്തില്‍ വച്ച് അഭിഷേകം ചെയ്ത നെയ്പ്പാത്രം മറന്നു വച്ചു. ലോട്ടറി ടിക്കറ്റ് താന്‍ സൂക്ഷിച്ചത് ഇതിനകത്തായിരുന്നു. നറുക്കെടുപ്പ് ദിനം താന്‍ വീട്ടില്‍ ഇല്ലായിരുന്നു. മൂന്നു മണിയായപ്പോള്‍ മൊബൈല്‍ ഫോണില്‍ നോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് മനസിലാക്കി. രാത്രി വീട്ടിലെത്തി ഭാര്യയോടു വിവരം പറയുകയും ടിക്കറ്റ് നോക്കിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് എവിടെയാണ് വച്ചതെന്ന് മറന്നു പോയിരുന്നു. മുപ്പതാം തിയതി ആന്ധ്രാസ്വദേശികള്‍ മറന്ന വച്ച നെയ്പാത്രമടങ്ങിയ കിറ്റ് കുറിയര്‍ ചെയ്തു. ലോട്ടറി ടിക്കറ്റ് അതിനകത്ത് പെടുകയും ചെയ്തു. ഈ കിറ്റിലായിരുന്നു ടിക്കറ്റെന്ന് ഒന്നാം തിയതിയാണ് തനിക്ക് മനസിലായത്. ഉടന്‍ തന്നെ കുറിയര്‍ സ്ഥാപനത്തില്‍ വിളിക്കുകയും റിട്ടേണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് ഡെലിവറി ആയെന്ന് കുറിയര്‍ കമ്പനി അറിയിച്ചു.
തുടര്‍ന്ന് താന്‍ ആന്ധ്രാ സ്വദേശികളെ നേരിട്ട് വിളിച്ചു. കുറിയര്‍ കിട്ടിയെന്നും നന്ദിയെന്നും അവര്‍ പറഞ്ഞു. കുറിയറില്‍ എന്തൊക്കെയുണ്ടെന്ന് അദ്ദേഹത്തോടു വിശദമായി ചോദിച്ചു. അവര്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന് വ്യക്തമായി. ഇതോടെ പിറവം കുറിയര്‍ സ്ഥാപനത്തിലെത്തി. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവിടുള്ളവര്‍ പറഞ്ഞത്. പിറവം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കുറിയര്‍ സ്ഥാപനത്തിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. 4.45 വരെ കുറിയര്‍ കിറ്റും പാത്രവും അടങ്ങുന്ന സഞ്ചി മേശപ്പുറത്തുള്ളതായി ദൃശ്യത്തില്‍ വ്യക്തമായി കാണാം. എന്നാല്‍ അതിനു ശേഷമുള്ള വിഡിയോ പ്ലേ ആയില്ല. ഇതോടെ കോടതിയെ സമീപിച്ചു. സിസിടിവി ക്യാമറ പിടിച്ചെടുക്കാനും മെമ്മറി കാര്‍ഡ് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. സത്യാവസ്ഥ ഉടന്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നതായി സാജന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.