തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ സെക്യൂരിറ്റി പിടി കൂടുകയായിരുന്നു. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്.
പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. എന്നാല്‍ അങ്ങനെ ഒരാൾ ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല . സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് സ്റ്റെപ്പുകൾ ഇറങ്ങി താഴെ വന്ന് കന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായും മനസിലായി.
പതിനൊന്നരയോടെ മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്നും ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വനിതാ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പല പല പേരുകൾ മാറിയാണ് പറഞ്ഞത്. ഭർത്താവ് ശ്രീചിത്രയിലാണ് ജോലിയെന്ന് പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിച്ചു. സെക്യൂരിറ്റി മാനേജരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പെരുന്ന സ്വദേശിയാണെന്നും പേരൂർക്കടയിൽ താമസമാണെന്നും പറയുന്നു. യുവതി പറഞ്ഞ പേരും സ്ഥലവും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താലേ ശരിയായ വിലാസവും മറ്റും ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. യുവതിയ്ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി കരുതുന്നു.