gavi-prathi

പത്തനംതിട്ട ഗവി മീനാറിൽ റോഡരികിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. മൂഴിയാർ സ്വദേശി കുമാറാണ് അറസ്റ്റിലായത്. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുന്നയാളാണ് കുമാര്‍. ഇടുക്കി വണ്ടിപെരിയാറില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട എസ്പി വണ്ടിപെരിയാറിലെത്തി പ്രതിയെ ഏറ്റുവാങ്ങി. സമാന കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. 

Also Read: പത്തനംതിട്ടയില്‍ റോഡരികില്‍ അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം; പീഡനത്തിന് ഇരയായെന്ന് സംശയം

ഗവി ഭാഗത്തേക്കുള്ള മീനാറിൽ വച്ചാണ് അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തുന്നത്. പീഡനമേറ്റ നിലയില്‍ ശരീരമാകെ മുറിവും വസ്ത്രങ്ങള്‍ കീറിയ നിലയിലുമായിരുന്നു മൃതദേഹം. രാവിലെ എട്ടരയോടെയാണ് സാധാരണയായി യുവതി അങ്കണവാടിയിലേക്ക് എത്തുന്നത്. എന്നാല്‍ വൈകിയും കാണാതായതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തുന്നത്. 

വന വിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാളാണ് കുമാര്‍. ഇതിനായി മീനാറിലെത്തിയ കുമാര്‍ യുവതി അങ്കണവാടിയിലേക്ക് പോകുന്ന സമയത്ത് സമീപത്തെ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഈ സമയം കുമാറിനൊപ്പം പ്രായപൂർത്തിയാകാത്ത മകളും ഉണ്ടായിരുന്നു. മകളെ ബസ് സ്റ്റോപ്പില്‍ നിർത്തിയ ശേഷം കുമാർ യുവതിയെ പിന്തുടരുകയായിരുന്നു.  

നാലു കിലോമീറ്ററോളം നടന്നാണ് യുവതി അങ്കണവാടിയില്‍ ജോലിക്കെത്തുന്നത്. പിന്തുടർന്ന ശേഷം കുമാര്‍ വഴിയിൽ വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ വലിച്ചിഴച്ച് റോഡിൽ നിന്ന് അല്പം താഴേക്ക് കൊണ്ടുപോയി തോട്ടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ ഉപദ്രവത്തിലാണ് യുവതി മരിക്കുന്നത്. മരിച്ചു എന്ന് മനസ്സിലായതോടെ പ്രതി തിരികെ റോഡിലേക്ക് വന്ന് ബസില്‍ കയറി വണ്ടിപ്പെരിയാറിലേക്ക് പോവുകയായിരുന്നു. 

മുൻപ് സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞയാളാണ് പ്രതി. യുവതി അങ്കണവാടിയിൽ ജോലിക്ക് എത്താഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ നടത്തിയതും തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയതും. വർഷങ്ങളായി അതേ അങ്കണവാടിയിൽ ജോലി ചെയ്യുന്ന ആളാണ് മരിച്ച യുവതി.

ENGLISH SUMMARY:

The accused in the brutal murder of an Anganwadi worker near Meenar in Gavi, Pathanamthitta, has been arrested from Vandiperiyar, Idukki. The suspect, identified as Kumar, a forest produce collector with a prior criminal record for similar offenses, allegedly followed the victim for nearly four kilometers while she was on her way to work before assaulting and killing her. The victim's body was discovered in a stream near the road by local residents after she failed to reach the Anganwadi, with initial findings suggesting she was severely assaulted and strangled. The accused reportedly left his minor daughter at a bus stop before committing the crime and later fled to Vandiperiyar, where he was apprehended by the Pathanamthitta police.