പത്തനംതിട്ട ജില്ലയില്‍ ഇന്നു രാത്രിയും മിന്നല്‍ പ്രളയത്തിന് സാധ്യത എന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. പ്രളയസാധ്യതാ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും. അവധി ദിവസം ട്യൂഷന്‍ ക്ലാസുകള്‍ നടത്തിയാല്‍ നടപടി എടുക്കും. സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രളയം എന്ന മുന്‍എംഎഎല്‍എ രാജുഎബ്രഹാമിന്‍റെ ആരോപണത്തെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
ഇന്നു രാത്രിയും പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പയിലെ ജലനിരപ്പ് അപകടനിലയിലാണ്. നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആള്‍ക്കാരെ മാറ്റാന്‍ നടപടി എടുക്കണം. ഇന്ന് രാത്രികൂടി ജനങ്ങള്‍ സഹകരിക്കണം. അവധി ദിവസം ക്ലാസ് വച്ചാല്‍ ട്യൂഷന്‍ സെന്‍ററുകള്‍ക്ക് എതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.
Also Read: 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
എല്ലാ വാര്‍ഡുകളിലും ശുചീകണത്തിനായി 25000 രൂപ അനുവദിക്കും. നഷ്പരിഹാരം മന്ത്രി സഭായോഗം തീരുമാനിക്കും. സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രളയമെന്ന മുന്‍ റാന്നി എംഎല്‍എ രാജു എബ്രഹാമിന്‍റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല. കോണ്‍ഗ്രസുകാരെക്കൂട്ടി അവലോകന യോഗം നടത്തി എന്ന രാജു എബ്രഹാമിന്‍റെ ആരോപണം വിഷമിപ്പിച്ചു. കലക്ടറും എസ്പിയും അടക്കം പങ്കെടുത്തു. ഇടത് സര്‍ക്കാരിന്‍റെ ഓറഞ്ച് ബുക്ക് പ്രകാരമാണ് അണക്കെട്ട് തുറന്നതും
ഏറെക്കാലമായി മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാരിന്‍റെ വീഴ്ചയാണിത്. അണക്കെട്ടുകളില്‍ അടിഞ്ഞ മണലും ചെളിയും നീക്കാന്‍ സര്‍ക്കാരിന്‍റെ നയതീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു
പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ ഉന്നതിയില്‍ അച്ചന്‍കോവിലാറ്റില്‍ വള്ളത്തിന്‍റെ വടം പൊട്ടി അപകടമുണ്ടായി. വള്ളത്തിലുള്ളവര്‍ ചേര്‍ന്ന് സാഹസികമായി കുത്തിയൊഴുകുന്ന ആറ്റില്‍ ചാടി വടവും വള്ളവും വീണ്ടെടുത്തു. അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഉന്നതി അച്ചന്‍കോവിലാറിന്‍റെ മറുകരയിലാണ്. പാലമില്ലാത്തതിനാല്‍ വള്ളം മാത്രമാണ് മറുകര എത്താന്‍ ആശ്രയം. അച്ചന്‍കോവിലാറ് നിറഞ്ഞൊഴുകിയാല്‍ ഉന്നതി ഒറ്റപ്പെട്ട നിലയിലാണ്
തൃശൂർ തൃപ്രയാർ കനോലി കനാലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. പുരുഷനെന്നാണ് സൂചന. വിവരമറിഞ്ഞതിനെ തുടർന്ന് അഗ്‌നിരക്ഷാ സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. സ്‌കൂബാ മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, കനാലിൽ ശക്തമായ ഒഴുക്കുള്ളതിനാൽ വൈകുന്നേരം വരെയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല
വീണ്ടും മഴ കനക്കും
ആറാം തീയതി മുതല്‍ കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെന്‍റീമീറ്ററാണ്. അതിതീവ്രമഴയായിരുന്നു ഇന്നലെ കേരളത്തിലെന്നും IMDയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ അഖില്‍ ശ്രീവാസ്തവ പറഞ്ഞു. കേരളത്തിലെ മഴയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അഖില്‍ ശ്രീവാസ്തവ വ്യക്തമാക്കി.
ശബരിമലപാതയില്‍ മയിലാടു പാറയില്‍ റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. 16 മീറ്റര്‍ നീളത്തില്‍ ടാറിങ്ങിനോട് ചേര്‍ന്നാണ് ഇടിവ്. വെള്ളമിറങ്ങിയാല്‍ കരിങ്കല്‍ഭിത്തി ഇടിയാന്‍ സാധ്യതയുണ്ട്. വനപാലകര്‍ റിബണ്‍ കെട്ടിത്തിരിച്ചു. കോട്ടകെട്ടി തോടിന് സമീപം റോഡിലേക്ക് മണ്ണും ഇടിഞ്ഞിട്ടുണ്ട്. അതേസമയം നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് കനത്ത മഴ തുടരുകയാണ്. നാളെയാണ് നിറപുത്തരി .രാവിലെ5. 40 നും 6.20നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ. പമ്പ നിറഞ്ഞ് ഒഴുകുകയാണ്. ഭക്തർക്ക് പമ്പാ സ്നാനം അനുവദിക്കില്ല. പമ്പ നദി കര കവിഞ്ഞു ഒഴുകിയതോടെ തിരുവല്ല, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറി. എം സി റോഡിൽ തിരുവല്ലയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വീടുകളിലേക്ക് വെള്ളം കയറിയതോടെ തിരുവല്ലയിൽ മാത്രം 23 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിലാണ് എം സി റോഡ്. തിരുവല്ല തിരുമൂലപുരം സാക്ഷിയായത് അപ്രതീക്ഷിത വെള്ളക്കെട്ടിനാണ്. കാറുകളുടെ ബോണറ്റോളം മുങ്ങാൻ വെള്ളം കയറി. പല വാഹനങ്ങളുടെയും എന്‍ജിൻ തകരാറിലായി. ആറന്മുളയിൽ നിന്നുള്ള വെള്ളം നേരെ ഒഴുകിയെത്തുന്നത് അപ്പർ കുട്ടനാട് മേഖലയിലേക്കാണ്. തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്കും വെള്ളം കയറി. കുടുങ്ങി കിടന്നവരെ അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിലേക്കും തലവടി, കടപ്ര, വീയപുരം, തകഴി, എടത്വ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വീടുകൾ വെള്ളത്തിനടിയിലായതോടെ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി. ഇന്നലെ ജല നിരപ്പ് ഉയർന്ന മല്ലപ്പള്ളി ടൗണിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.