pinarayi-vijayan-udf-governor-criticism

യു.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും ഗവർണ്ണറുടെ സമാന്തര ഭരണ നീക്കങ്ങൾക്കെതിരെയും കടുത്ത പ്രത്യാക്രമണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നതിലൂടെ യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങിയെന്നും, രാജ്യാന്തര യോഗാദിനത്തിന്റെ പേരിൽ ഗവർണ്ണർ സമാന്തര അധികാര കേന്ദ്രമാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല വൈദ്യുതി നിയന്ത്രണം ലോകകപ്പ് ഫുട്ബോൾ കളി കാണുന്നവരെ ബാധിക്കുമെന്നും അത് അടിയന്തരമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് തീരുമാനത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. എൽ.ഡി.എഫ് സർക്കാർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവെച്ചത് സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കാൻ വേണ്ടി മാത്രമായിരുന്നു. എന്നാൽ തുടർനടപടികൾ പൂർണ്ണമായി മരവിപ്പിക്കുകയാണ് ചെയ്തത്. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ കഴിയില്ലെന്ന യു.ഡി.എഫിന്റെ വാദം തെറ്റാണ്. 2022 ഒക്ടോബറിൽ പദ്ധതിയിൽ ഒപ്പിട്ട പഞ്ചാബ് സർക്കാർ, 9 മാസങ്ങൾക്ക് ശേഷം 2023 ജൂലൈയിൽ അതിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. യു.ഡി.എഫ് എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ബി.ജെ.പി നയങ്ങൾക്ക് കീഴടങ്ങിയതെന്ന് വ്യക്തമാക്കണം.

അന്താരാഷ്ട്ര യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണ്ണർ നേരിട്ട് സർക്കാർ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതിനെ പ്രതിപക്ഷ നേതാവ് ശക്തമായി എതിർത്തു. ഗവർണ്ണർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത് ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണ്. ഗവർണ്ണർ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. അദ്ദേഹം സമാന്തര ഭരണകേന്ദ്രം ചമയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

സംസ്ഥാനത്ത് പുതിയ സർക്കാർ വന്നതിന് ശേഷം സംഘപരിവാർ അജണ്ടകൾ വല്ലാതെ ദൃശ്യമാകുന്നുണ്ട്. ഗവർണ്ണർ കിട്ടിയ അവസരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണാണെന്നും അദ്ദേഹം ചോദിച്ചു. 2024-ൽ അന്നത്തെ ഗവർണ്ണർ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്താൻ നോക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ എടുത്ത ശക്തമായ നിലപാട് രാജ്യം കണ്ടതാണ്. സംസ്ഥാനത്തിന്റെ അന്തസ്സ് കാക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.

സംസ്ഥാനം നിപ, ഷിഗല്ല, വെസ്റ്റ് നൈൽ, അമീബിക് ജ്വരം തുടങ്ങിയ ഗുരുതരമായ പകർച്ചവ്യാധികളുടെ പിടിയിലായിരിക്കുമ്പോൾ ആരോഗ്യവകുപ്പ് പൂർണ്ണ പരാജയമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്വൈസ് (Advise) ചെയ്യപ്പെട്ട നാനൂറോളം ഡോക്ടർമാരുടെ നിയമനം പുതിയ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. കഴിഞ്ഞ മേയ് 25-ന് അഡ്വൈസ് ലഭിച്ച ഇവർക്ക് ഭരണാനുകൂല പാർട്ടികളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്ലേസ്‌മെന്റ് അട്ടിമറികൾക്കും വേണ്ടി ഇതുവരെ നിയമന ഉത്തരവ് നൽകിയിട്ടില്ല. പകർച്ചവ്യാധി സമയത്ത് ഡോക്ടർമാരുടെ പോസ്റ്റിങ് നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ചരിത്രപരമായ രണ്ട് പ്രധാന പദ്ധതികൾ പുതിയ സർക്കാർ അട്ടിമറിക്കുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു: വീട്ടമ്മമാർ രാഷ്ട്രശില്പികളാണെന്ന സുപ്രീം കോടതി നിരീക്ഷണത്തിനും മുൻപ്, 2025 ഒക്ടോബറിലാണ് എൽ.ഡി.എഫ് 35-60 വയസ്സുവരെയുള്ള പാവപ്പെട്ട വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി തുടങ്ങിയത്. ബജറ്റിൽ 3720 കോടി വകയിരുത്തി 31 ലക്ഷം പേർക്ക് മാർച്ച് വരെ പെൻഷൻ നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ തടഞ്ഞുവെച്ചിരിക്കുകയാണ്. പുതിയ അപേക്ഷകളിൽ നടപടിയുമില്ല.

യുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനും പരീക്ഷാ തയ്യാറെടുപ്പുകൾക്കുമായി പ്രതിമാസ സ്റ്റൈപ്പൻഡ് നൽകിയിരുന്ന ഈ പദ്ധതിയും യു.ഡി.എഫ് അനാസ്ഥ മൂലം മുടങ്ങിയിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ ഈ രാഷ്ട്രീയ പ്രതികാര ബുദ്ധി ഉപേക്ഷിക്കണമെന്നും കുടിശ്ശികയടക്കം പെൻഷനും സ്റ്റൈപ്പൻഡും ഉടനടി വിതരണം ചെയ്യണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Pinarayi Vijayan has launched a strong counter-attack against the UDF government's policies and the Governor's parallel governance attempts. He criticized the UDF's adoption of the PM SHRI scheme as succumbing to BJP policies and accused the Governor of attempting to establish a parallel center of power under the guise of International Yoga Day.