നിരവധി മോഷണ കേസുകളിലെ പ്രതിയെ കൈയ്യോടെ പിടികൂടി പേട്ട പൊലീസ്. ആലപ്പുഴ ടൗൺ സ്വദേശിയായ സിനാജാണ് (52) പിടിയിലായത്. ഇയാൾ വർഷങ്ങളായി പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബീമാപ്പള്ളി പരിസരത്താണ് താമസം. കാട്ടാക്കട ആമച്ചൽ സ്വദേശിയായ പോൾ എന്നയാളുടെ 32000 രൂപ വിലവരുന്ന മൊബൈൽ ഫോൺ വെൺപാലവട്ടം ഭാഗത്തു നിന്ന് മോഷണം പോയ കേസിലാണ് സിനാജ് കുടുങ്ങിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പേട്ട പൊലീസ് പ്രതിയെ കുടുക്കിയത്. കഴക്കൂട്ടം, മെഡിക്കൽ കോളജ്, വഞ്ചിയൂർ, ഫോർട്ട്, മംഗലപുരം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി 14 ഓളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മോഷ്ടിയ്ക്കുന്ന മൊബൈൽ ഫോണുകൾ ബീമാപള്ളി കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. സിനാജില്‍ നിന്ന് മോഷണമുതൽ കണ്ടെടുത്തു. പേട്ട സിഐ വി. എം. ശ്രീകുമാർ, എസ്ഐ സുമേഷ്, സിപിഒമാരായ അഖിൽ, അമീർ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.