നടിയെ ആക്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി പൾസർ സുനിയും എട്ടാം പ്രതിയായ നടൻ ദിലീപും തമ്മിൽ നേരിട്ട് ഫോൺ സംഭാഷണങ്ങൾ നടത്താതിരുന്നത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇരുവരുടെയും കോൾ വിശദാംശങ്ങൾ (CDR) ശാസ്ത്രീയമായി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന കാലയളവിലോ അതിന് ശേഷമോ ദിലീപും പൾസർ സുനിയും തമ്മിൽ നേരിട്ട് വിളികളോ സന്ദേശങ്ങളോ കൈമാറിയതായി കണ്ടെത്താനായിട്ടില്ല. ഇത് യാദൃശ്ചികമല്ലെന്നും, ബോധപൂർവം ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഭാവിയിൽ അന്വേഷണം നടന്നാൽ എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാൻ നേരിട്ടുള്ള ആശയവിനിമയം പ്രതികൾ ബോധപൂർവം ഒഴിവാക്കുകയായിരുന്നു. ഫോൺവിളികൾ പോലുള്ള ഡിജിറ്റൽ തെളിവുകൾ കേസിൽ ശക്തമായ കണ്ണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്. നേരിട്ടുള്ള ഫോൺവിളികളുടെ അഭാവം, ഗൂഢാലോചന കൂടുതൽ ആസൂത്രിതവും സൂക്ഷ്മവുമായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നതായും അന്വേഷണസംഘം വിലയിരുത്തുന്നു.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നടൻ ദിലീപിനെ കേസിൽ എട്ടാം പ്രതിയാക്കിയത്.