TOPICS COVERED

പാലക്കാട് ചെര്‍പ്പുളശേരി  പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ പറഞ്ഞു. 

Also Read: 'അവള്‍ ആള് കൊള്ളാമല്ലോ, നമുക്ക് അവളുടെ അടുത്തേക്ക് പോയാലോ'

നവംബര്‍ 15ന് മരിച്ചനിലയില്‍ കണ്ടെത്തിയ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ തന്നെക്കുറിച്ചു വന്ന പരാമർശങ്ങൾ വടകര ഡിവൈഎസ്പി ഉമേഷ് നേരത്തെ തള്ളിയിരുന്നു.  നവംബർ 15ന് ചെർപ്പുളശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ (52) സമീപം കണ്ടെത്തിയ 32 പേജ് വരുന്ന ആത്മഹത്യക്കുറിപ്പിലാണ് 2014 ൽ മേലുദ്യോഗസ്ഥനായിരുന്ന ഉമേഷിനെതിരെ പരാമർശങ്ങളുണ്ടായിരുന്നത്. കോഴിക്കോട് തൊട്ടിൽപാലം സ്വദേശിയാണ് ബിനു. ആറു മാസം മുൻപാണ് ചെർപ്പുളശ്ശേരിയിൽ സ്ഥലംമാറി എത്തിയത്.

2014 ൽ അനാശാസ്യത്തിന് പിടിയിലായ യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, 11 വർഷം മുൻപുളള സംഭവമാണെന്നും കത്തിൽ പരാമർശിക്കുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഉമേഷ് വെളിപ്പെടുത്തിയത്. കത്തിലെ വിവരങ്ങൾ അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മേൽ ഉദ്യോഗസ്ഥരും ഇതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ല. കത്തിനെക്കുറിച്ച് ചോദ്യമുണ്ടായാൽ മറുപടി നൽകുമെന്നും ഉമേഷ് പറഞ്ഞു.

ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ടായ വടകര ഡിവൈഎസ്പിയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് കഴി​ഞ്ഞ ആഴ്ച തന്നെ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഉമേഷിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടി ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ENGLISH SUMMARY:

Cherpulassery Police Inspector suicide involves serious allegations against DYSP A. Umesh. The case revolves around the suicide note left by the inspector, detailing alleged harassment and abuse by the DYSP, leading to further investigation and potential departmental action.