ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരില്‍ ആഭിചാരക്രിയ. കോട്ടയം തിരുവഞ്ചൂരില്‍ യുവതി നേരിട്ടത് ക്രൂരപീഡനം. പത്തു മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കൂടാതെ മദ്യം നല്‍കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ 3 പേര്‍ പിടിയിലായി.
പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ്(54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ്(55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയ വിവാഹിതരായ യുവാവും യുവതിയും ഭർത്താവിൻറെ വീട്ടിൽ കഴിയുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് ഭർതൃമാതാവിന്റെ നിര്‍ദേശപ്രകാരമാണ് ആഭിചാരക്രിയ ചെയ്തത്. ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തുകയായിരുന്നു . യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിച്ചു.
യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണർകാട് പൊലീസ് അന്വേഷണം നടത്തിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ ഒന്നാംപ്രതിയെ തിരുവല്ല മുത്തൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്. മണർകാട് എസ്എച്ച്ഒ: അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്. അനന്തകൃഷ്ണൻ മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.