ഹൈദരാബാദിലെ നിസാമാബാദ് സർക്കാർ ആശുപത്രിയിൽ പൊലീസും കൊടും കുറ്റവാളിയും തമ്മിലുണ്ടായ വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഒരു പൊലീസുകാരനെ കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിലായിരുന്ന ഷെയ്ക്ക് റിയാസ് (24) എന്നയാളാണ് വെടിവെപ്പിൽ മരിച്ചത്. വെടിവെപ്പിൽ പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. നിസാമാബാദിൽ അർദ്ധരാത്രിയോടെയാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച ഒരു പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഷെയ്ക്ക് റിയാസ്. ഇയാളെ ഇന്നലെ നിസാമാബാദിലെ വനമേഖലയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. പിടികൂടുന്നതിനിടെ പരുക്കേറ്റതിനെ തുടർന്ന് റിയാസിനെ ചികിത്സയ്ക്കായി നിസാമാബാദ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ, റിയാസ് കൂടെയുണ്ടായിരുന്ന പൊലീസുകാരിൽ നിന്ന് ഷോട്ട് ഗൺ തട്ടിയെടുത്തു വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് നടത്തിയ പ്രത്യാക്രമണ വെടിവെപ്പിലാണ് പ്രതി ഷെയ്ക്ക് റിയാസ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്.
കൊല്ലപ്പെട്ട ഷെയ്ക്ക് റിയാസ് ഒരു കൊടും കുറ്റവാളിയായിരുന്നു. ഇയാളുടെ തലയ്ക്ക് തെലങ്കാന പൊലീസ് അമ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പ് നടന്ന ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തി. പ്രതി നേരത്തെ തന്നെ കൊല്ലപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഹൈദരാബാദിൽ പ്രചരിച്ചിരുന്നുവെങ്കിലും പൊലീസ് റിയാസിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. അതിനുപിന്നാലെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ വെച്ച് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.